28
Aug 2023
Thu
28 Aug 2023 Thu

മുസ്ലിം ലീഗില്‍ ‘ഹരിത’ വിവാദത്തിന് പിന്നില്‍ ചില നേതാക്കള്‍, സാദിഖലി തങ്ങള്‍ക്കെതിരെ അപവാദപ്രചാരണവും നടത്തി; ചാറ്റുകള്‍ ലീക്കായതോടെ കൂട്ടനടപടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മുസ്ലിം ലീഗിനെ പിടിച്ചുകുലുക്കുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്ത ‘ഹരിത’ വിവാദം സൃഷ്ടിക്കുകയും സാദിഖലി ശിഹാബ് തങ്ങള്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് തുടങ്ങിയവര്‍ക്കെതിരെ വാട്‌സ്ആപ്പില്‍ ഗൂഢാലോചന നടത്തുകയും ചെയ്ത സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കൂട്ട നടപടി.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് മാണിയൂര്‍ എന്നിവരെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.കെ ജാസിര്‍, വൈസ് പ്രസിഡന്റ് ആസിഫ് ചപ്പരപടവ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇര്‍ഫാന്‍ എന്നിവരെ സംഘടനാ ചുമതലകളില്‍നിന്ന് നീക്കിയതായും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് അറിയിച്ചു.കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി റഊഫിനും ജനറല്‍ സെക്രട്ടറിയുടെ ചുമതല ആസിഫ് കലാമിനും നല്‍കി. കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി സാദിഖ് പാറാടിനെയും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി സഫ്‌വാന്‍ കുറ്റിക്കോലിനെയും ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീല്‍, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഹാഫിം എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എം.എസ്.എഫ് സ്‌ക്വയര്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന സംഘടനാ വിരുദ്ധ ചര്‍ച്ചകള്‍ എന്ന പേരില്‍ ബുധനാഴ്ചയാണ് സ്‌ക്രീന്‍ ഷോട്ടുകളും ശബ്ദ സന്ദേശങ്ങളും പുറത്തായത്. ഇത് ഹരിത വിഷയത്തില്‍ പി.കെ നവാസിനെ പ്രതിക്കൂട്ടിലാക്കാനും നവാസിനെ പിന്തുണച്ച സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഡാലോചന ആയാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്.

ഹരിതയുടെ സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ടതിന് ശേഷം എം.എസ്.എഫില്‍ ഉടലെടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് എം.എസ്.എഫ് സ്‌ക്വയര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. നിലവിലെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ ഗ്രൂപ്പില്‍ അംഗങ്ങളാണ്. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂര്‍, ഭാരവാഹികളായിരുന്ന കെ.എം ഫവാസ്, ഷൈജല്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്തിക്കിയതോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. എം.എസ്.എഫില്‍ നവാസ് അനുകൂലികള്‍ പിടിമുറുക്കുകയാണെന്ന രീതിയിലാണ് ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിനെ മറികടക്കാന്‍ ഗ്രൂപ്പിലേക്ക് നവാസ് വിരുദ്ധ പക്ഷത്തോടൊപ്പം നില്‍ക്കുന്ന നാല് നേതാക്കളെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. ഇതിന് ശേഷമാണ് വിപുലമായ ചര്‍ച്ചകള്‍ നടന്നത്. ഏകപക്ഷീയമായ നടപടിക്കെതിരെ നേതൃത്വത്തെ സമീപിക്കണമെന്നും നവാസിനെതിരെ കിട്ടുന്ന തെളിവുകള്‍ താഴെതട്ടിലേക്ക് എത്തിക്കണമെന്നും ഗ്രൂപ്പില്‍ ചര്‍ച്ച നടന്നു. നവാസ് പക്ഷത്തിനെതിരെ ഗ്രൂപ്പില്‍ സജീവമായിരുന്ന ഭാരവാഹി നവാസ് അനുകൂലികള്‍ക്കൊപ്പം നിന്നതോടെയാണ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പുറത്തായത്. ചര്‍ച്ചകളെ ഏകോപിപ്പിച്ചതും നേതാക്കള്‍ക്കെതിരെ വ്യാജ അക്കൗണ്ടുകളിലൂടെ പോസ്റ്റുകളും കമന്റുകളും ഇടാനുള്ള സന്ദേശം ഉണ്ടാക്കിയതും യൂത്ത് ലീഗ് ഓഫിസ് സെക്രട്ടറി നിഷാം വാഫി പരപ്പനങ്ങാടിയാണ്. നിഷാമിനെതിരെയും നടപടിയുണ്ടാകും. ഗ്രൂപ്പില്‍ നിന്ന് എം.എസ്.എഫിന്റെ മലപ്പുറം ജില്ലയിലെയും കോഴിക്കോട് ജില്ലയിലെയും നേതാക്കളുടെ ഇ മെയിലേക്ക് വിവരങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ തന്നെ ലീഗ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയതിന്റെ ചാറ്റുകള്‍ പുറത്തായത് പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്.