|
കോഴിക്കോട്: കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റുമരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. രണ്ടര പവന്റെ മാലയും രണ്ടു കമ്മലും ആണ് നഷ്ടപ്പെട്ടത്.
ഇവരുടെ കൈകളില്‍ ഉണ്ടായിരുന്ന മൂന്ന് വള ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. അപകടം നടന്നയുടന്‍ ലീലയെ ആശുപത്രിയിലെത്തിച്ചത് മകന്‍ ലിഗേഷും ബന്ധുക്കളും കൂടിയായിരുന്നു. ആ സമയത്തെല്ലാം ശരീരത്തില്‍ ആഭരണങ്ങളുണ്ടായിരുന്നതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറയുന്നു.
മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയില്‍ ആഭരണം നഷ്ടപ്പെട്ടതായാണ് കുടുംബത്തിന്റെ സംശയം. ഇക്കാര്യം ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെയും സ്ഥലം എംഎല്‍.എ കാനത്തില്‍ ജമീലയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായ പീതാംബരനും ഗോകുലും വിരണ്ടോടിയത്. ആനകള്‍ പരസ്പരം കൊമ്പുകോര്‍ത്തതോടെ ആളുകള്‍ പരിഭ്രാന്തരായി.
ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് തകര്‍ത്തുവീണു. ഇതിനിടയില്‍പ്പെട്ടാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായത്.. ആനയുടെ ചവിട്ടേറ്റാണ് ലീല മരിച്ചത്. മുപ്പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


