ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ പോയ വകയില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പൊടിച്ചത് 13 ലക്ഷം രൂപ. ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ലെന്ന കായിക മന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്.
|
മെസ്സിയെ ക്ഷണിക്കാന്‍ പോയതിന് സര്‍ക്കാറിന് 13 ലക്ഷം രൂപ ചെലവായെന്ന് വിവരാവകാശരേഖയിലൂടെയാണ് വ്യക്തമായത്. മെസ്സിയെയും അര്‍ജന്റീന ടീമിനെയും ക്ഷണിക്കാന്‍ മന്ത്രി സ്‌പെയിനിലെ മാഡ്രിഡിലേക്ക് പോയിരുന്നു.
മെസ്സിയും അര്‍ജന്റീന ടീമും ഇതുവരെ കേരളത്തില്‍ വരില്ല എന്ന് അറിയിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ സാധ്യതകള്‍ മങ്ങിയതായാണ് അറിയുന്നത്. മെസ്സി വരാന്‍ സാധ്യത വളരെ കുറവാണെന്നാണ് റിപോര്‍ട്ട്.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല എന്നാണ് മന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ മെസ്സിയെ ക്ഷണിക്കുന്നതിന് വേണ്ടി മന്ത്രിയും സംഘവും സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയതിന് 13,04,434 രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത്.
അര്‍ജന്റീനയെ ക്ഷണിക്കുന്നതിന് വേണ്ടി അവരുടെ രാജ്യത്തേക്കോ എഎഫ്എയുടെ ഓഫീസിലേക്കോ പോകേണ്ടതിന് പകരം സ്‌പൈനിലേക്ക് പോയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.


