13
May 2023
Tue
13 May 2023 Tue

ബ്യൂണസ് ഐറിസ്: പി.എസ്.ജിയുടെ അർജന്റീനൻ താരം ലയണൽ മെസ്സി സൗദ്യ അറേബ്യ ക്ലബ്ബായ അൽ ഹിലാലുമായി കരാറൊപ്പിട്ടെന്ന വാർത്ത നിഷേധിച്ച് മെസ്സിയുടെ ഏജന്റും പിതാവുമായ ജോർജി മെസ്സി. സമൂഹമാധ്യമത്തിലൂടെയാണ് ജോർജിയുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം. പിഎസ്ജിയുമായി ലീഗ് മത്സരങ്ങൾ പൂർത്തിയാക്കും മുൻപ് യാതൊരു തീരുമാനവും എടുക്കില്ല. മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുകയാണ്. സീസൺ അവസാനിച്ചതിനു ശേഷം കാര്യങ്ങൾ വിലയിരുത്തി അന്തിമ തീരുമാനമെടുക്കും. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി കരാർ ഒപ്പിട്ടെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. എഎഫ്പി പോലുള്ള രാജ്യാന്തര വാർത്താ ഏജൻസികളും സ്‌പോർട്‌സ് മാധ്യമങ്ങളുമാണ് ഇത്തരത്തിൽ വാർത്ത കൊടുത്തത്. മെസ്സിയുടെ വാർത്ത അൽ ഹിലാൽ ക്ലബ് സ്ഥിരീകരിച്ചിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരാൻ മെസ്സിക്ക് താൽപര്യമില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ടൂറിസം അംബാസഡറെന്ന നിലയിൽ സൗദി അറേബ്യ സന്ദർശിച്ച മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്.

അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫറാണു മെസ്സിക്കു മുന്നിൽവച്ചത്. സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസ്ർ ക്ലബ്ബിന്റെ ചിരവൈരികളാണ് അൽ ഹിലാൽ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക