കളി വിജയിച്ച് മടങ്ങുന്നതിനിടെ ക്രിക്കറ്റ് കിറ്റില്‍ ഒളിപ്പിച്ച് 27 കുപ്പി മദ്യം കടത്താന്‍ ശ്രമം; സൗരാഷ്ട്ര അണ്ടര്‍ 23 താരങ്ങള്‍ക്കെതിരെ അന്വേഷണം
|
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യം പിടികൂടിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. അണ്ടര്‍ 23 സൗരാഷ്ട്ര താരങ്ങളുടെ ബാഗില്‍ നിന്നാണ് 27 കുപ്പി മദ്യവും രണ്ട് കെയ്‌സ് ബിയറും കണ്ടെത്തിയത്. ചണ്ഡീഗഡില്‍ നിന്ന് രാജ്‌കോട്ടിലേക്കുള്ള വിമാന യാത്രക്കിടെയായിരുന്നു സംഭവം. ചാണ്ഡീഗഢില്‍ നടന്ന സി.കെ നായിഡു ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച് മടങ്ങിയ അണ്ടര്‍ 23 താരങ്ങളുടെ ബാഗുകളില്‍ നിന്നാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രഷാം രാജ്‌ദേവ്, സമര്‍ഥ് ഗജ്ജര്‍, രക്ഷിത് മേത്ത, പര്‍ഷ്വരാജ് റാണ, സ്മിത്‌രാജ് ജലാനി എന്നിവരുടെ ബാഗുകളിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
ഈ മാസം 25നാണു ചണ്ഡീഗഢിനെ സൗരാഷ്ട്ര ടീം പരാജയപ്പെടുത്തിയത്. പിന്നാലെ സൗരാഷ്ട്ര ടീം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു. ഗുജറാത്തില്‍ മദ്യ നിരോധനമുണ്ട്. സംഭവത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. താരങ്ങള്‍ നടപടി നേരിടേണ്ടി വരും.
സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.”ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണു സംഭവിച്ചിരിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്കസമിതിയും അപെക്‌സ് കൗണ്‍സിലും വിഷയം ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും.”- ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.


