ഉത്തരാഖണ്ഡില്‍ ഇനി വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്നവര്‍ ഇനി ജില്ലാ ഓഫിസുകളിലെത്തി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. പ്രായം 21 വയസ്സിനു താഴെയാണെങ്കില്‍ ഒന്നിച്ചുജീവിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതവും ഇവര്‍ വാങ്ങേണ്ടിവരും. വീഴ്ചവരുത്തുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും ലഭിക്കും. ഇതടക്കമുള്ള നിയമങ്ങളടങ്ങിയ ഏകീകൃത സിവില്‍ കോഡ് ബില്ല് പാസാക്കാനുള്ള സജീവ നീക്കത്തിലാണ് പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഏകീകൃത സിവില്‍കോഡ് കരട് റിപോര്‍ട്ടിന് കഴിഞ്ഞദിവസം പുഷ്‌കര്‍ സിങ് ധാമിയുടെ വസതിയില്‍ ചേര്‍ന്ന കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ബില്ലിന് അംഗീകാരം നല്‍കി നിയമമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരുള്ളത്.
|
ലിവിങ് ടുഗദര്‍ ദമ്പതികള്‍ ജില്ലാ രജിസ്ട്രാര്‍ മുമ്പാകെയാണ് ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കേണ്ടെന്ന് കരട് വ്യവസ്ഥ ചെയ്യുന്നു. ജില്ലാ രജിസ്ട്രാര്‍ അന്വേഷിച്ച് ബന്ധത്തിന്റെ സാധുത പരിശോധിക്കുകയും ഇരുവിഭാഗത്തിന്റെയും മാതാപിതാക്കളെ വിവരം അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യാം. രജിസ്‌ട്രേഷന്‍ നിരസിച്ചാല്‍ ഇതിന്റെ കാരണം രജിസ്ട്രാര്‍ കക്ഷികളെ അറിയിക്കും. രജിസ്റ്റര്‍ ചെയ്ത ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുന്നതിന് നിര്‍ദിഷ്ട മാതൃകയിലുള്ള ലിഖിത പ്രസ്താവന അനിവാര്യമാണ്.
ബന്ധം അവസാനിപ്പിക്കുന്നത് തെറ്റാണെന്നോ സംശയകരമാണെന്നോ രജിസ്ട്രാര്‍ക്ക് തോന്നിയാല്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടാം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പ്രസ്താവന സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്നുമാസം തടവോ 25000 രൂപ പിഴയോ ഇതു രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആറുമാസം തടവോ 25000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ഒരു മാസം വൈകിയാല്‍ മൂന്നുമാസം വരെ തടവോ 10000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ നേരിടേണ്ടി വരുമെന്നും ഏകീകൃത സിവില്‍കോഡില്‍ വ്യവസ്ഥ ചെയ്യുന്നു.
തുടര്‍ഭരണം നല്‍കിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതായിരുന്നു ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണത്തുടര്‍ച്ച നേടിയതോടെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ച ബിജെപി സര്‍ക്കാര്‍ വിരമിച്ച സുപ്രിംകോടതി ജഡ്ജി തലവനായ സമിതിക്ക് രൂപം നല്‍കി നിയമത്തിന്റെ കരട് റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ കരട് റിപോര്‍ട്ടിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





