30
May 2023
Sun
30 May 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കുമിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി. 7.15ന് പ്രധാനമന്ത്രി പാർലമെന്റിലെത്തി. രണ്ടുഘട്ടമായാണ് ഉദ്ഘാടനച്ചടങ്ങുകൾ. 7.30ന് പ്രത്യേക പൂജകളോടെ ആദ്യഘട്ട ചടങ്ങുകൾ തുടങ്ങി. 9.30ന് പ്രാർഥനയോടെ പൂജ സമാപിക്കും.
പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിങ്, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പൂജയിൽ പങ്കെടുക്കും. പൂജയ്ക്കുശേഷം പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കുന്നതോടെ ആദ്യഘട്ടം അവസാനിക്കും.

12 മണിക്ക് ദേശീയഗാനത്തോടെ രണ്ടാംഘട്ട ചടങ്ങുകൾക്ക് തുടക്കമാകും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാധ്യക്ഷൻ ചടങ്ങിൽ വായിക്കും. തുടർന്ന് രണ്ട് വിഡിയോകൾ പ്രദർശിപ്പിക്കും. 12.30ന് രാജ്യസഭാ പ്രതിപക്ഷനേതാവിന്റെ പ്രസംഗമാണ് നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാൽ ഈ ചടങ്ങ് ഉണ്ടാകില്ല. ഒരുമണിക്ക് പുതിയ പാർലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും. ഇതിനുശേഷം പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും.
ചടങ്ങിന് മുന്നോടിയായി ഇന്നലെ രാത്രി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 21 മഠാധിപന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസുൾപ്പെടെ 21 പ്രതിപക്ഷകക്ഷികൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എൻ.ഡി.എയിലെ ഘടകകക്ഷികളായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കക്ഷികളുൾപ്പെടെ 23 പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കും.

ബഹിഷ്‌കരിക്കുന്നവർ
കോൺഗ്രസ്, ഡി.എം.കെ, ആംആദ്മി പാർട്ടി, ശിവസേന (ഉദ്ധവ് വിഭാഗം), സമാജ്വാദി പാർട്ടി, സി.പി.ഐ, സി.പി.എം, ജാർഖണ്ഡ് മുക്തിമോർച്ച, വിടുതലൈ ചിരുതൈഗൽ കച്ചി, രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുനൈറ്റഡ്), എൻ.സി.പി, ആർ.ജെ.ഡി, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം), നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ.

പങ്കെടുക്കുന്നവർ

ബി.ജെ.പി, ശിവസേന (ഷിൻഡെ വിഭാഗം), വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, ബി.ജെ.ഡി, ബി.എസ്.പി, ജെ.ഡി.എസ്, ശിരോമണി അകാലിദൾ, എൻ.പി.പി, എൻ.ഡി.പി.പി, സിക്കിം ക്രാന്തികാരി മോർച്ച, അപ്നാദൾ (സോണിലാൽ), ആർ.പി.ഐ, തമിഴ്മാനില കോൺഗ്രസ്, അണ്ണാ ഡി.എം.കെ, എ.ജെ.എസ്.യു (ജാർഖണ്ഡ്), മിസോ നാഷണൽ മുന്നണി.