07
Nov 2023
Tue
07 Nov 2023 Tue

അത്യപൂര്‍വ കുറ്റകൃത്യം, ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി; അസഫാകിന്റെ വധശിക്ഷയില്‍ ലഡുവിതരണം നടത്തി നാട്ടുകാര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോക്‌സോ കോടതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചത്. കേരളം ഉറ്റുനോക്കിയ കേസില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ അഞ്ചു ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. ജീവപര്യന്തം ജീവിതാവസാനം വരെ തടവ് ആണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിയുടെ ശിക്ഷയും വകുപ്പുകളും:

ഐപിസി 201 തെളിവ് നശിപ്പിക്കല്‍ 5 വര്‍ഷം കഠിന തടവ്, പതിനായിരം രൂപ പിഴ

297 മൃതദേഹത്തോട് അനാദരവ് കാണിക്കുക ഒരു വര്‍ഷം തടവ്

366 എ 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ്

364ാം വകുപ്പ് 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ

367ാം വകുപ്പ് 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ

328 ാം വകുപ്പ് 10 വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ

376 2 ജെ സമ്മതം കൊടുക്കാന്‍ കഴിയാത്ത ആളെ ബലാത്സംഗം ചെയ്യുക എന്ന കുറ്റകൃത്യം

377 പ്രകൃതി വിരുദ്ധ ലൈംഗികപീഡനം

പോക്‌സോ ആക്ടിലെ 5 ഐ ബലാത്സംഗത്തിനിടെ ലൈംഗികാവയവങ്ങളില്‍ പരിക്കേല്‍പ്പിക്കുക

5 എല്‍ ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്യുക

5 എം 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക

എന്നീ അഞ്ചു വകുപ്പുകള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇത് ജീവിതാവസാനം വരെ തടവായിരിക്കും. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് അനുഭവിക്കണം.

302 വകുപ്പ് മരിക്കുന്നതു വരെ തൂക്കിലേറ്റുക

എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അതത് നിയമം അനുശാസിച്ചിട്ടുള്ള പരമാവധി ശിക്ഷ നല്‍കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു.

അതേസമയം, അസഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി നടപടിയില്‍ ലഡുവിതരണം നടത്തി ആലുവയിലെ ചുമട്ടുതൊഴിലാളികള്‍. കേസില്‍ നിര്‍ണായകമായയതും പ്രതിയെ കണ്ടെത്താന്‍ സഹായകമായതും ആലുവയിലെ സിഐടിയു തൊഴിലാളി താജുദ്ദീന്റെ മൊഴിയായിരുന്നു. താജുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ലഡുവിതരണം.

വിധിയില്‍ സന്തോഷമെന്ന് താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘മേലില്‍ ഒരാളും ഇത്തരത്തില്‍ ഒരു കൊടുംക്രൂരത നടത്തരുത്. ഇന്ന് ശിശുദിനമാണ്. ആ പിഞ്ചുകുഞ്ഞിന്റ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും. കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദി പറയുന്നു. ആ സംഭവത്തിന് ശേഷം ഇവിടെ ആരും വന്നാലും ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി’ താജുദ്ദീന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ, അസഫാക്കിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതിനെ തുടര്‍ന്ന് താജുദ്ദീന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആലുവ മാര്‍ക്കറ്റിന് പിന്നില്‍ നിന്ന് അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. കേസില്‍ സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക