ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്ന 2024 ലോക്‌സഭ തെരഞ്ഞെടുപ്പന് തുടക്കം. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് 21 സംസ്ഥാനങ്ങളിലായി 102 ലോക്‌സഭ മണ്ഡലങ്ങളിലാണ് വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരളുക. ( Lok Sabha Election 2024 1st Phase Voting )
|
വിവിധ സംസ്ഥാനങ്ങളില്‍രാവിലെ 7ന് തന്നെ പോളിങ് തുടങ്ങി. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടിങ്.
ഇന്ന് അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
39 സീറ്റുകളുള്ള തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും. രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് കേരളം ബൂത്തിലെത്തുക. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും അവസാന ഘട്ട അഭിപ്രായ വോട്ടെടുപ്പുകള്‍ ഇന്‍ഡ്യ മുന്നണിക്ക് അനുകൂലമാണ്.
ജനവിധി തേടുന്ന പ്രമുഖര്‍
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദര്‍ യാദവ്, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, ചിരാഗ് പാസ്വാന്‍, നകുല്‍ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍, കനിമൊഴി കരുണാനിധി, ജിതിന്‍ പ്രസാദ, ഭൂപേന്ദ്ര യാദവ്, കാര്‍ത്തി ചിദംബരം, ബിപ്ലബ് ദേബ് തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന നേതാക്കള്‍.
സിക്കിമിലും അരുണാചലിലും നിയമസഭാ തിരഞ്ഞെടുപ്പ്
സിക്കിമിലും അരുണാചല്‍ പ്രദേശിലും ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമില്‍ 146 സ്ഥാനാര്‍ഥികളും അരുണാചലില്‍ 50 മണ്ഡലങ്ങളില്‍ 133 പേരുമാണ് മത്സരരംഗത്തുള്ളത്. അരുണാചലില്‍ 60 അംഗ നിയമസഭയാണ്. എന്നാല്‍, 10 മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 50ലേക്ക് ചുരുങ്ങിയത്.





