ലഖ്‌നോ: ഭീം ആര്‍മി സ്ഥാപക നേതാവ് ചന്ദ്രശേഖര്‍ ആസാദ് യുവിയിലെ നഗിന മണ്ഡലത്തില്‍ നിന്ന് ഞെട്ടിക്കുന്ന വിജയത്തിലേക്ക്. ( bhim army founder chandrasekhar azad leading nagina )പുതുതായി രൂപീകരിച്ച ആസാദ് സമാജ് പാര്‍ട്ടി(എഎസ്പി)-കന്‍ഷി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച അദ്ദേഹത്തിന് ഇതുവരെയുള്ള കണക്ക് പ്രകാരം 1,37,182 വോട്ടുകളുടെ ലീഡുണ്ട്. ബിജെപിയിലെ ഓം കുമാറാണ് രണ്ടാമത്.
|
ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കായിരുന്നു ആസാദ് സമാജ് പാര്‍ട്ടി ദേശീയ അധ്യക്ഷനായ ചന്ദ്രശേഖര്‍ ആസാദിന്റെ പോരാട്ടം. ”എല്ലാ പാര്‍ട്ടികളെയും പരീക്ഷിച്ചു, ഇനി തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ചായ പാത്രം’ പരീക്ഷിക്കാം” എന്നതായിരുന്നു തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ബി.ജെ.പി.ക്കു പുറമേ എസ്.പി.യും ബി.എസ്.പി.യും നഗിനയില്‍ സ്ഥാനാര്‍ഥികളെ അണിനിരത്തിയെങ്കിലും ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്നതായി ആസാദിന്റെ മുന്നേറ്റം.
നാലുവര്‍ഷം മാത്രമാണ് ചന്ദ്രശേഖര്‍ ആസാദിന്റെ ‘ആസാദ് സമാജ്’ പാര്‍ട്ടിയുടെ പ്രായം. നേരത്തെ ഉത്തര്‍പ്രദേശിലെ ദളിത് രാഷ്ട്രീയമുഖമായിരുന്നത് ബിഎസ്പി നേതാവ് മായാവതിയായിരുന്നു. എന്നാല്‍, അടുത്ത കാലത്തായി ദലിത് വിഭാഗം ബിഎസ്പിയെ പൂര്‍ണമായും കൈയൊഴിഞ്ഞു. ഈ വിടവിലേക്കാണ് പുതിയ പാര്‍ട്ടിയുമായി ദലിത് നേതാവും അംബേദ്കറൈറ്റുമായ ആസാദ് കടന്നുകയറിയത്.
ദളിത്, മുസ്ലീം വോട്ടുകള്‍ വിധിനിര്‍ണയിക്കുന്ന നഗിന മണ്ഡലത്തില്‍ വ്യക്തമായ ലീഡാണ് ആസാദിനുള്ളത്. 2019-ല്‍ എസ്.പി.യുമായി സഖ്യമുണ്ടാക്കി ബി.എസ്.പി.യാണ് നഗിനയില്‍ വിജയിച്ചത്. ഇത്തവണ മണ്ഡലം പിടിക്കാനായി ബി.ജെ.പി.യും എസ്.പി.യും ബി.എസ്.പി.യും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു.
ആസാദിനെ ഇന്ത്യ സഖ്യത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമം നടന്നെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ല. എന്നാല്‍, ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം തയ്യാറായേക്കും.





