29
Jul 2025
Sat
29 Jul 2025 Sat
Look at your own country: Bombay High Court raps CPI(M) over Gaza protest petition

മുംബൈ: ഇസ്‌റാഈല്‍ നടത്തിവരുന്ന കൂട്ടക്കൊലകളില്‍ പ്രതിഷേധിച്ച് മുംബൈയിലെ ആസാദ് മൈതാനിയില്‍ ഗസ്സ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ അനുമതി തേടി സി.പി.എം സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. മൈലുകള്‍ അകലെയുള്ള പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട് രാജ്യസ്‌നേഹിയാകൂവെന്ന് സിപിഎമ്മിനെ ഉണര്‍ത്തി ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെയും ഗൗതം അന്‍ഖാദും അടങ്ങിയ ബെഞ്ചാണ് തള്ളിയത്. മുംബൈയിലെ പ്രശസ്തമായ ആസാദ് മൈതാനിയില്‍ ഓള്‍ ഇന്ത്യ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ ബാനറില്‍ പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ച മുംബൈ പൊലിസിന്റെ നടപടി ചോദ്യംചെയ്താണ് സി.പി.എം ഹൈക്കോടതിയെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ പൊലിസ് റാലിക്ക് അനുമതി നിഷേധിച്ചത്. പൊലിസിന്റെ വാദം വാക്കാല്‍ ശരിവച്ച ഹൈക്കോടതി, രാജ്യത്തിന്റെ വിദേശനയം പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്ന് അഭിപ്രായപ്പെട്ടു. അത്തരം പ്രതിഷേധങ്ങളുടെ നയതന്ത്ര പ്രത്യാഘാതങ്ങളെക്കുറിച്ച് പാര്‍ട്ടി അറിഞ്ഞിരിക്കണമെന്നും ഹൈക്കോടതി സി.പി.എമ്മിനെ ഓര്‍മിപ്പിച്ചു. പ്രതിഷേധത്തിനെതിരേ വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പ് പൊലിസിന് ലഭിച്ചിരുന്നെന്നും അനുമതി നല്‍കിയാല്‍ ക്രമസമാധാനം ഉണ്ടാകുമെന്നും പൊലിസ് ചൂണ്ടിക്കാട്ടി. മുംബൈ പൊലിസിന് മുമ്പാകെ പ്രതിഷേധത്തിനുള്ള അനുമതി തേടിയത് സി.പി.എം അല്ലാത്തതിനാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞാണ് ഹരജി തള്ളിയതായി അറിയിച്ചത്.

നമ്മുടെ രാജ്യത്ത് തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നിരിക്കെ മറ്റ് വിഷയങ്ങള്‍ നമുക്ക് വേണ്ട. നിങ്ങളെല്ലാവരും ഹ്രസ്വദൃഷ്ടി ഉള്ളവരാണ്. ഇവിടെയുള്ളത് കാണാതെ ഗസ്സയിലേക്കും ഫലസ്തീനിലേക്കുമാണ് നിങ്ങള്‍ നോക്കുന്നത്. എന്തുകൊണ്ട് നിങ്ങള്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ഒന്നുംചെയ്യുന്നില്ല. ഗസ്സയ്ക്ക് വേണ്ടി സംസാരിക്കുന്നത് ദേശസ്‌നേഹമല്ല. നിങ്ങളാദ്യം ദേശസ്‌നേഹികളാകൂ. നമ്മുടെ സ്വന്തം രാജ്യത്തെ കര്യങ്ങള്‍ക്കായി സംസാരിക്കൂ. – ബെഞ്ചിലെ ജസ്റ്റിസ് ഗുഗെ അഭിപ്രായപ്പെട്ടു.

ഇതോടെ ഇടപെട്ട സി.പി.എമ്മിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി, പാര്‍ട്ടി ഇന്ത്യയ്ക്കായി നിരവധി വിഷയങ്ങള്‍ ഏറ്റെടുക്കുകയും വിവിധ ആരോഗ്യ, വിദ്യാഭ്യാസ ക്യാമ്പുകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള ഗസ്സയിലെ വംശഹത്യയ്‌ക്കെതിരെ പാര്‍ട്ടി പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് ജസ്റ്റിസ് ഘുഗെ പറഞ്ഞു. നിങ്ങള്‍ ഫലസ്തീന്‍, ഗസ്സ എന്നീ കാര്യങ്ങളില്‍ ആശങ്കപ്പെടുന്നു. വെള്ളപ്പൊക്കം, അഴുക്കുചാലുകള്‍ തടസ്സപ്പെടല്‍, പാര്‍ക്കിങ് തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് ഏറ്റെടുക്കാം. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ പ്രതിഷേധിക്കാത്തത്- ജ. ഘുഗെ ചോദിച്ചു.

ആസാദ് മൈതാനില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തിനു വേണ്ടി മാത്രമാണ് ഇപ്പോള്‍ തേടുന്നതെന്നും ഈ ഹരജി ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി. നമ്മുടെ സ്വന്തം പൗരന്മാര്‍ക്കോ സാധാരണക്കാര്‍ക്കോ ആശങ്കയില്ലാത്തിടത്ത് നിങ്ങള്‍ എന്തിനാണ് ആ ലക്ഷ്യം ഏറ്റെടുക്കുന്നതെന്ന് കോടതി ചോദിച്ചു. നമ്മുടെ സ്വന്തം പൗരന്മാരുടെ നൂറുകണക്കിന് കേസുകള്‍ പട്ടികയില്‍ ഉള്ളപ്പോള്‍ അത്തരമൊരു വിഷയം കേള്‍ക്കാന്‍ നമുക്ക് ഇത്രയധികം സമയമുണ്ടോ? ഹരജിക്കാര്‍ പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. ഫലസ്തീനോടോ ഇസ്‌റാഈലിനോടോ പക്ഷം ചേരുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ജോലിയാണെന്നിരിക്കെ, രാജ്യം ഇക്കാര്യത്തില്‍ പക്ഷം ചേരുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ നിങ്ങള്‍ എന്തിനാണ് ആഗ്രഹിക്കുന്നതെന്നും ബെഞ്ച് സിപിഎമ്മിന്റെ അഭിഭാഷകനോട് ചോദിച്ചു.

The Bombay High Court on Friday dismissed a petition filed by the Communist Party of India (Marxist) challenging the Mumbai Police’s refusal to grant permission for a protest at Azad Maidan against the alleged genocide in Gaza.