ചെന്നൈ: ഹരിത വിപ്ലവത്തിൻറെ പിതാവ് ഡോ.എം.എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ഇന്ന് രാവിലെ 11.20ന് ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ മങ്കൊമ്പാണ് ജന്മദേശം. ഇപ്പോഴത്തെ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ആയ പഴയ മഹാരാജാസ് കോളജിൽ ആയിരുന്നു ബിരുദ പഠനം. തുടർന്ന് ഗവേഷണ മേഖലയിലേക്ക് തിരിഞ്ഞ സ്വാമിനാഥൻ ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞനായി മാറി.
|
ടൈം മാഗസിൻ പുറത്തുവിട്ട, ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള 20 പേരുടെ പട്ടികയിലും സ്വാമിനാഥൻ ഇടംപിടിച്ചു. 1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻറെ ഡയറക്ടർ ജനറലായിരുന്ന സ്വാമിനാഥൻ രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇൻറർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സ് പ്രസിഡൻറ്, ദേശീയ കർഷക കമ്മീഷൻ ചെയർമാൻ തുടങ്ങിയ നിലകളിലും മികവു തെളിയിച്ചു.
50 ഇയേഴ്സ് ഓഫ് ഗ്രീൻ റെവല്യൂഷൻ, സയൻസ് ആൻഡ് സസ്റ്റെയിനബിൾ ഫൂഡ് സെക്യൂരിറ്റി, കോംബാറ്റിങ് ഹംഗർ ആൻഡ് ഫൂഡ് സെക്യൂരിറ്റി തുടങ്ങിയ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.പത്മശ്രീ,പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം സ്വാമിനാഥനെ ആദരിച്ചിട്ടുണ്ട്.
മാഗ്സസെ അവാർഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. 1987ൽ ലോക ഭക്ഷ്യ പുരസ്കാരത്തിൻറെ ആദ്യത്തെ സ്വീകർത്താവും സ്വാമിനാഥനായിരുന്നു. 84 രാജ്യങ്ങളിൽ നിന്നു ഡോക്ടറേറ്റുകൾ, മെൻഡൽ മെമ്മോറിയൽ മെഡൽ, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് സയൻസ് അവാർഡ്, ടൈലർ പ്രൈസ് ഫോർ എൻവിയോൺമെൻറൽ അച്ചീവ്മെൻറ് തുടങ്ങിയവ നേട്ടങ്ങളിൽ ചിലതാണ്.





