ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. (Maha Kumbh Rush: Delhi railway station stampede, 18 killed) മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും നാലു പേര്‍ കുട്ടികളുമാണ്.
|
യുപിയിലെ പ്രയാഗ് രാജില്‍ കുംഭമേളയ്ക്ക് പോകാനെത്തിയ ആയിരക്കണക്കിന് ഭക്തര്‍ ട്രെയ്‌നില്‍ കയറാല്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിന് കാരണമായത്. 13, 14 പ്ലാറ്റ്‌ഫോമുകളിലാണ് രാത്രി 10 മണിയോടെ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടത്.
ദൗര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി അറിയിച്ചു.
പ്രയാഗ് രാജ് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ എത്തിയ സമയത്ത് നിരവധി പേര്‍ അവിടെ തടിച്ചുകൂടിയിരുന്നതായി റെയില്‍വേ പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭൂവനേശ്വരി രാജധാനി എക്‌സ്പ്രസും വൈകിയതിനാല്‍ ഈ ട്രെയ്‌നുകളില്‍ പോകേണ്ട യാത്രക്കാരും 12, 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്നു. ഇതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്.
ALSO READ: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എം സി കമറുദ്ദീന്‍ വീണ്ടും അറസ്റ്റില്‍
അപകടത്തില്‍ 15 ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. മരിച്ചുവെന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് റെയില്‍വേ അധികൃതര്‍ വാര്‍ത്ത കുറിപ്പിറക്കുകയും ചെയ്തു.
എന്നാല്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയുമായി ലഫ്. ഗവര്‍ണര്‍ പോസ്റ്റിട്ടതോടെ ആശയക്കുഴപ്പം പരന്നു. പിന്നാലെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നിര്‍ഭാഗ്യകരവും ദാരുണവുമായ സംഭവങ്ങള്‍ ഉണ്ടായതായി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും നിര്‍ദേശം നല്‍കിയതായി അദ്ദേഹം എക്സില്‍ കുറിച്ചു. എന്നാല്‍, മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കണക്ക് പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് എന്ന് അദ്ദേഹം ആശംസിച്ചു.





