30
May 2023
Thu
30 May 2023 Thu

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയോട് വിശ്വാസവോട്ട് തേടാൻ നിർദേശിച്ച ഗവർണറുടെ നടപടി തെറ്റായിരുന്നെന്ന് സുപ്രീം കോടതി. പാർട്ടിയിലെ പടലപ്പിണക്കത്തിന്റെ പേരിൽ നിയമസസഭയിൽ വിശ്വാസവോട്ട് നടത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശ്വാസവോട്ടിനു നിൽക്കാതെയാണ് ഉദ്ധവ് താക്കറെ രാജിവച്ചത് എന്നതിനാൽ സർക്കാരിനെ പുനസ്ഥാപിക്കുന്നതിന് ഉത്തരവിടുന്നില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഷിൻഡെ വിഭാഗത്തിൽനിന്നുള്ളയാളെ വിപ് ആയി നിയമിച്ച സ്പീക്കറുടെ നടപടി നിയമിവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏകനാഥ് ഷിൻഡെ വിഭാഗത്തിലെ ഭരത് ഗോഗവാലയെ വിപ് ആയി നിയമിച്ച സ്പീക്കറുടെ നടപടി നിയമ വിരുദ്ധമാണ്. രാഷ്ട്രീയ പാർട്ടി നിർദേശിച്ചയാളെയേ സ്പീക്കർക്കു വിപ് ആയി നിയമിക്കാനാവുവെന്ന് കോടതി പറഞ്ഞു. സുനിൽ പ്രഭു, ഭരത് ഗോഗവാലെ എന്നിവരിൽ പാർട്ടി നോമിനി ആരാണെന്നു പരിശോധിക്കാൻ സ്പീക്കർ ശ്രമിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പീക്കറുടെ അധികാരങ്ങൾ സംബന്ധിച്ച നിർദേശങ്ങളുള്ള നബാംറബിയ വിധി വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്ന് ഭരണഘടനാ ബെഞ്ച് നിർദേശിച്ചു.

ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ എംആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പിഎസ് നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഫെബ്രുവരി 14 മുതൽ മാർച്ച് 16 വരെയാണ് കേസിൽ വാദം കേട്ടത്.

ഇരുപക്ഷത്തെയും സേനകളിൽനിന്നുള്ളവർ നൽകിയ ഒരു കൂട്ടം ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്നു നിർദേശിച്ച് അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഏകനാഥ് ഷിൻഡെയാണ് ആദ്യ ഹർജി നൽകിയത്. വിശ്വാസവോട്ടു തേടാൻ നിർദേശിച്ച ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് താക്കറെ വിഭാഗവും കോടതിയിൽ എത്തി. ബിജെപി പിന്തുണയോടെ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്തും സ്പീക്കർ തെരഞ്ഞെടുപ്പിനെതിരെയും താക്കറെ വിഭാഗം ഹർജികൾ നൽകി.

2022 ഓഗസ്റ്റിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. സുപ്രധാന നിയമ പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഉദ്ധവ് താക്കറെ വിഭാഗത്തിനു വേണ്ടി സീനിയർ അഭിഭാഷകരായ കപിൽ സിബൽ, മനു സിംഗ്വി, ദേവദത്ത കാമത്ത് തുടങ്ങിയവരാണ് ഹാജരായത്. സീനിയർ അഭിഭാഷകരായ നീരജ് കിഷൻ കൗൾ, ഹരീഷ് സാൽവെ, മഹേഷ് ജത് മലാനി, മനീന്ദർ സിങ് എന്നിവർ ഷിൻഡെ വിഭാഗത്തിനു വേണ്ടി വാദിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് മഹാരാഷ്ട്രാ ഗവർണർക്കു വേണ്ടി കോടതിയിൽ ഹാജരായത്.