05
Sep 2023
Thu
05 Sep 2023 Thu

ഇതാണ് കേരളം: മഴ നനഞ്ഞ് ഷീന കാത്തിരുന്നു നബിദിന റാലിക്ക് സ്വീകരണം നല്‍കാന്‍, മദ്രസ വിദ്യാര്‍ഥിക്ക് നോട്ടുമാലയിട്ടു, ഒപ്പം കവിളില്‍ ഉമ്മയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമമായ ഇന്ന് മലപ്പുറത്തിന്റെ മതസൗഹാര്‍ദ പാരമ്പര്യത്തിന് മികവേകി പുതിയൊരു മാതൃക. നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ച ഷീന എന്ന യുവതിയാണ് കേരളത്തിന്റെയും പ്രത്യേകിച്ച് മലപ്പുറത്തിന്റെയും മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയായി മാറിയത്.

മലപ്പുറം കോഡൂര്‍ വലിയാട് തദ് രീസുല്‍ ഇസ്ലാം മദ്രസയുടെ നബിദിന റാലിക്കിടെയാണ് ഏവരുടെയും മനസ് നിറയ്ക്കുന്ന സംഭവം. റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന കുട്ടികള്‍ക്ക് നോട്ട് മാല ചാര്‍ത്തുകയായിരുന്നു. തന്റെ മകളോടൊപ്പമാണ് ഷീന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാര്‍ത്തി കവിളില്‍ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവര്‍ യാത്ര നിര്‍ത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തില്‍ ആണ് നോട്ട് മാല നല്‍കിയതെന്നും ഷീന പറഞ്ഞു.

വിവധ മഹല്ലു കമ്മിറ്റികളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ വലിയ ആഘോഷങ്ങളാണ് നബിദിനത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ വിവിധ കലാപരിപാടികളും ദഫ് മുട്ടുമാണ് നബിദിന റാലികളിലെ പ്രധാന ആകര്‍ഷണം.

നബിദിനത്തോടനുബന്ധിച്ച് ലോകത്തെല്ലായിടത്തും പള്ളികളിലും മദ്രസകളിലും മതസ്ഥാപനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടക്കുന്നുണ്ട്. ചന്ദ്ര വര്‍ഷം റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചത്. റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടത് മുതല്‍ തന്നെ മിക്കയിടത്തും പള്ളികളും മദ്രസകളും അലങ്കാരങ്ങളായിരുന്നു. രാവിലെ പള്ളികളില്‍ നടക്കുന്ന മൗലൂദ് പാരായണത്തോടെയാണ് തുടക്കമായത്.

വൈകിട്ടു മുതല്‍ നാടാകെ നബിദിന സമ്മേളനങ്ങളാണ്. നബിയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്നവരുടെ മീലാദ് റാലിയും ഉണ്ടാകും. നബിദിന യോഗങ്ങളില്‍ പ്രമുഖ പണ്ഡിതരുടെ പ്രഭാഷണം, പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. അറബിക് കോളജുകളിലും മറ്റും ദിവസങ്ങള്‍ നീളുന്ന ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക