28
Aug 2023
Mon
28 Aug 2023 Mon

മലപ്പുറം SPയെ മാറ്റിയോ? സത്യാവസ്ഥ എന്താണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ കടുത്ത വിമര്‍ശനം നേരിടുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എസ്.പിയെ മാറ്റിയെന്ന വാര്‍ത്ത ഉണ്ടായതോടെ തങ്ങളുടെ പ്രതിഷേധഫലമാണ് എസ്.പിയെ മാറ്റിയതെന്ന തരത്തില്‍ മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എസ്.പിയെ സ്ഥലംമാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അറിയിക്കുകയാണ്.

വിശദീകരണം ഇങ്ങനെ:

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസിന്റെ ഭാഗമായി പരിശീലന ക്യാമ്പുകള്‍ (റീഫ്രഷര്‍ കോഴ്‌സ്) സംഘടിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ വെച്ചു സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനാണ് എസ്.പി അവധി എടുത്തത്. മലപ്പുറം എസ്.പിക്ക് പുറമെ കേരളത്തില്‍ നിന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, കൊച്ചി കോസ്റ്റല്‍ ഏരിയ ഡി.ഐ.ജി ജി. പൂങ്കുഴലി, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണന്‍ എന്നിവരും ഈ ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.

പൂര്‍ണ്ണമായും ഔദ്യോഗിക രൂപ്പത്തിലുള്ള ഈ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനുള്ള ലീവ് അപേക്ഷയെ എസ്.പിക്ക് എതിരായ നടപടിയായി ചിലര്‍ വ്യാഖാനിക്കുകയായിരുന്നു. താനൂര്‍ കസ്റ്റഡി കൊലപാതകം സംഭവിക്കും മുന്‍പ് തന്നെ നിശ്ചയിച്ചതായിരുന്നു ഈ ക്യാംപ്. പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതോ എസ്.പിക്ക് എതിരായ ശിക്ഷാ നടപടി ക്രമമോ അല്ല. സാധാരണ ഗതിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഒരുക്കുന്ന പരിശീലന ക്യാംപ് മാത്രമാണത്. ഇത്തരത്തില്‍ എസ്.പിമാര്‍ അവധി എടുക്കുന്ന സാഹചര്യങ്ങളില്‍ തൊട്ടടുത്ത ജില്ലയിലെ എസ്.പിക്ക് മലപ്പുറത്തിന്റെ അധിക ചുമതല നല്‍കുകയാണ് പതിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല പാലക്കാട് എസ്.പിക്ക് കൈമാറിയത്. മറ്റ് ട്രാന്‍സ്ഫര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അവധി കഴിഞ്ഞു മടങ്ങിയെത്തി സുജിത്ത് ദാസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായി തന്നെ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.