അറബികള്‍ അങ്ങിനെയാണ്, സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു കൊടുക്കും. (Malayalam name for street in Abu Dhabi; Know the story behind this respect) സ്വന്തം നാട്ടിലെ ഒരു തെരുവിന്റെ പേര് മാറ്റി അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു അന്യനാട്ടുകാരന്റെ പേരിട്ടിരിക്കുകയാണ് അബൂദബി. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയായ ഡോ. ജോര്‍ജ് മാത്യുവിനാണ് ഈ അപൂര്‍വ ബഹുമതി. അബൂദബി മഫ്റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി ‘ഡോ. ജോര്‍ജ് മാത്യൂ സ്ട്രീറ്റ്’ എന്നാണ് അറിയപ്പെടുക.
|
കാലങ്ങളായി അല്‍ഐനില്‍ ഡോക്ടറായി സേവനമനുഷ്ടിക്കുകയാണ് ജോര്‍ജ് മാത്യു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് മുതല്‍ അബൂദബി രാജകുടുംബത്തോടൊപ്പമുണ്ട് അദ്ദേഹം. രാജ്യത്തിന്റെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഒരു തെരുവിന് തന്നെ അദ്ദേഹത്തിന്റെ പേര് നല്‍കി ആദരിച്ചത്. 57 വര്‍ഷമായി യുഎഇയിലുള്ള ഡോക്ടര്‍ക്ക് നേരത്തേ യു.എ.ഇ സമ്പൂര്‍ണ പൗരത്വവും അബൂദബി അവാര്‍ഡും നല്‍കിയിരുന്നു.
1967 ല്‍ ഇരുപത്തിയാറാം വയസിലാണ് ഭാര്യ വല്‍സലക്കൊപ്പം ഡോ. ജോര്‍ജ് മാത്യൂ യുഎഇയില്‍ എത്തിയത്. അല്‍ഐനിലെ ആദ്യത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരിലൊരാളാണദ്ദേഹം. അല്‍ ഐന്‍ റീജിയന്റെ മെഡിക്കല്‍ ഡയറക്ടര്‍, ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 84-ാമത്തെ വയസിലും പ്രസിഡന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെല്‍ത്തില്‍ ഡോ. ജോര്‍ജ് മാത്യൂ സജീവമായുണ്ട്.





