01
Aug 2025
Wed
01 Aug 2025 Wed
mammootty vk sreeraman

മമ്മൂട്ടിയുടെ രോഗബാധ സിനിമാ പ്രേമികള്‍ വലിയ ആശങ്കയോടെയാണ് കേട്ടത്. രോഗത്തിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച് പലവിധ ആശങ്കകള്‍ പ്രചരിച്ചിരുന്നു. ഒടുവിലിതാ
കേരളവും മലയാളികളും കാത്തിരുന്ന ആ വാര്‍ത്തയെത്തി, രോഗംമാറി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലം പുറത്തുവന്നത്. ചികിത്സകഴിഞ്ഞ് ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി അടുത്ത മാസംതന്നെ, മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന.

ചികില്‍സയ്ക്ക് ശേഷം രോഗമുക്തനായുള്ള മമ്മുട്ടിയുടെ തിരിച്ചുവരവ് ആന്റോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മലയാളികള്‍ അറിഞ്ഞത്. ”ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലംകണ്ടു. ദൈവമേ, നന്ദി, നന്ദി, നന്ദി…” എന്നായിരുന്നു മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് ആന്റോ കുറിച്ചത്.

ആ വാര്‍ത്ത എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. മമ്മൂട്ടിക്ക് ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ആശംസകളറിയിക്കുകയും ചെയ്തു.

അത്തരത്തില്‍ നടനും എഴുത്തുരാനുമായ വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധനേടി. സുഖവിവരം പങ്കുെവച്ച് കൊണ്ട് മമ്മൂട്ടി വി.കെ ശ്രീരാമനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും ഓട്ടോറിക്ഷയില്‍ നിന്നെടുത്ത ഒരു ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നു. അവസാനത്തെ ടെസ്റ്റും പാസ്സായടാ എന്ന് മമ്മൂട്ടി പറഞ്ഞെന്നും എന്നാല്‍ ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നായിരുന്നു തന്റെ മറുപടിയെന്നും വി.കെ ശ്രീരാമന്‍ പോസ്റ്റില്‍ പറയുന്നു.

വി,കെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ.

നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?

‘ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. ‘

കാറോ ?

‘ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍് സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവന്‍ പോയി..”

ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

‘ എന്തിനാ?’

അവസാനത്തെ ടെസ്റ്റും പാസ്സായട

‘ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ‘

നീയ്യാര് പടച്ചോനോ?

‘ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍’

‘എന്താ മിണ്ടാത്ത്. ?

ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.

യാ ഫത്താഹ്

സര്‍വ്വ ശക്തനായ തമ്പുരാനേ

കാത്തു കൊള്ളണേ !

മന്ത്രിമാരും സിനിമാ താരങ്ങളും ദേശീയ നേതാക്കളും അടക്കം നിരവധിപേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ വികാരാധീനരായി കുറിപ്പുകള്‍ ഇട്ടിട്ടുണ്ട്.

ഒരൊറ്റ വാക്കുമില്ലാതെ, രണ്ട് ഇമോജി സഹിതം ഒന്നിച്ചുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മമ്മൂട്ടിയെ ലാല്‍ ചുംബിക്കുന്ന ഈ ചിത്രത്തിനുതാഴെ സന്തോഷത്തോടെ ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘വെല്‍കം ബാക്ക് ടൈഗര്‍’ എന്ന് മഞ്ജുവാരിയര്‍ കുറിച്ചപ്പോള്‍ ‘എല്ലാം ഓകെ ആണ്’ എന്നായിരുന്നു രമേഷ് പിഷാരടി കുറിച്ചത്.

‘ചീഫ്’ എന്ന് വിശേഷിപ്പിച്ച് ടൊവിനോ തോമസ് മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷിച്ചപ്പോള്‍ ‘രാജാവ് തിരിച്ചെത്തിയിരിക്കുന്നു’ എന്ന ആവേശക്കുറിപ്പാണ് മാലാപാര്‍വതി പങ്കുവെച്ചത്. ‘സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍, അത്രമേല്‍ താങ്കള്‍ സിനിമയെ സ്നേഹിക്കുന്നുവല്ലോ’ എന്നായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.

‘എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ഥനകളുടെ പിന്‍ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്നയാളല്ലേ ഞാന്‍’ എന്ന ഉമാ തോമസ് എംഎല്‍എയുടെ കുറിപ്പും വൈകാരികമായിരുന്നു. കേള്‍ക്കാനായി കാതോര്‍ത്തു പ്രാര്‍ഥനയോടെ കാത്തിരുന്ന സന്തോഷവാര്‍ത്ത എന്ന സിബി മലയിലിന്റെ കുറിപ്പും കേരളം മമ്മൂട്ടിയുടെ തിരിച്ചുവരവിനെ എത്രമേല്‍ കാത്തിരുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണ്.

English News Summary
Malayalam superstar Mammootty recovers from illness and is set to resume acting next month

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക