24
Jul 2023
Sat
24 Jul 2023 Sat

മക്ക: സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിയെ മക്കയിൽ കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പെങ്ങണൂര്‍ സ്വദേശി സി എച്ച്‌ മൊയ്തീൻ ചക്കുങ്ങലിനെയാണ് (72)കാണാതായത്. 14 ദിവസം മുമ്പ് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ മൊയ്തീനെ പിന്നീട് കാണാതാവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹജ്ജ് പൂര്‍ത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയശേഷം മുറിയില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഐ.ഡി കാര്‍ഡുകളുള്‍പ്പെടെ രേഖകൾ എല്ലാം മുറിയിൽ വച്ച ശേഷമായിരുന്നു അദ്ദേഹം പുറത്തേക്ക് പോയത്. കാണാതായ രണ്ടു ദിവസത്തിനുശേഷം മക്കയിലെ നുസ്ഹ ഭാഗത്തുവച്ച്‌ മൊയ്തീനെ ഒരാള്‍ കണ്ടിരുന്നു. മൊയ്തീന്റെ സംസാരത്തില്‍ പന്തികേട് തോന്നിയതോടെ, നിങ്ങള്‍ ഇവിടെ ഇരിക്കൂ; ഞങ്ങള്‍ മുറിയിൽ എത്തിക്കാം എന്ന് കണ്ടയാള്‍ പറഞ്ഞെങ്കിലും മൊയ്തീൻ ആൾത്തിരക്കിനിടയിൽ അപ്രത്യക്ഷനാവുകയായിരുന്നു.

മൊയ്തീനൊപ്പം ഹജ്ജിനെത്തിയ ഭാര്യയും ഉമ്മയും മദീനയിലേക്ക് മടങ്ങിയിരിക്കുകയാണ്. മക്കയിലെ വിവിധ ആശുപത്രികള്‍, കാണാതാകുന്നവര്‍ക്ക് വേണ്ടിയുള്ള കേന്ദ്രങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, ത്വാഇഫിലെ മനോരോഗാശുപത്രി തുടങ്ങി വിവിധയിടങ്ങളില്‍ അന്വേഷണം തുടരുകയാണ്. ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്നു മൊയ്തീൻ.

ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0502336683, 0555069786 നമ്ബറുകളില്‍ അറിയിക്കണമെന്ന് മക്കയിലെ സാമൂഹികപ്രവര്‍ത്തകൻ മുജീബ് പൂക്കോട്ടൂര്‍ അഭ്യര്‍ഥിച്ചു.