ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനം പ്രതിസന്ധിയില്‍. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ 5 ദിവസമായി ജയില്‍ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. മനുഷ്യക്കടത്ത് അടക്കം ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി പരിഗണിച്ചില്ല. ജാമ്യത്തിന് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി ബജ്‌റങ്ദള്‍ ആഹ്ലാദപ്രകടനം നടത്തി.
|
ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ദുര്‍ഗില്‍ എത്തിയിരുന്നു. സി.ബി.സി.ഐയുടെ നിയമ, വനിതാ, ട്രൈബല്‍ വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ദുര്‍ഗില്‍ എത്തിയിട്ടുണ്ട്.
പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക.
ALSO READ: കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പാര്‍ലമെന്റിലും പ്രതിഷേധം
കേസ് പരിഗണിച്ച സെഷന്‍സ് കോടതിക്ക് പുറത്ത് ഭീഷണി മുദ്രാവാക്യങ്ങളുമായി ബജ്‌റങ്ദള്‍ പ്രവര്‍ത്തകരും അണിനിരന്നു. നടന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ബജ്‌റങ്ദള്‍ നേതാവ് ജ്യോതി ശര്‍മ ആവര്‍ത്തിച്ചു. സുരഷ കണക്കിലെടുത്ത് കോടതിക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ആശുപത്രി, ഓഫിസ് ജോലികള്‍ക്കായി 2 പെണ്‍കുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടര്‍ന്നാണ് ഇവരെ പൊലീസും ബജ്‌റങ്ദള്‍ പ്രവര്‍ത്തകരും ചോദ്യം ചെയ്തത്. പെണ്‍കുട്ടികളുടെ കുടുംബവും കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് അറസ്റ്റു രേഖപ്പെടുത്തി.
ഭരണഘടനയ്‌ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആരോപിച്ചു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസിയുടെ േനതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചു.
English News Summary
The release of the Malayali nuns arrested in Chhattisgarh is in crisis. The sessions court has rejected the bail plea of nuns Preeti Mary and Vandana Francis, who have been in jail in Durg, Chhattisgarh for 5 days. The sessions court in Durg did not consider the bail plea filed in a case involving serious charges including human trafficking. The sessions court directed them to approach the NIA court for bail.


