|
തിരുവനന്തപുരം: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം നടന്നതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണം സ്വത്വത്തിന്റെ പേരിൽ വ്യക്തികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ചെറുക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുറ്റവാളികൾക്ക് എതിരെ സർവകലാശാല അധികൃതർ നടപടിയെടുക്കണമെന്നും ക്യാമ്പസില എല്ലാ വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ച് പത്തിന് കേരളത്തിൽ നിന്നുള്ള നാല് വിദ്യാർഥികളെ സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുകയായിരുന്നു. ക്യാമ്പസിനകത്തെ വാട്ടർ ടാങ്കിന് മുകളിൽ കയറി സെൽഫി എടുത്തെന്ന് ആരോപിച്ച് വിദ്യാർഥികളായ നഷീൽ, അഭിഷേക്, അദ്‌നാൻ, ആദിൽ റാഷിഫ് എന്നിവരെ പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാർ മുളവടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത കേന്ദ്ര സർവകലാശാലകളിൽ വ്യാപകമാണെന്നും ഉപരിപഠനത്തിനായി ഇതര സംസ്ഥാനത്ത് പോവുന്ന വിദ്യാർഥികൾ ഭീതിയിലാണെന്നും ജോൺ ബ്രിട്ടാസ് കത്തിൽ പറഞ്ഞു. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും, കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.


