16
May 2023
Wed
16 May 2023 Wed

തിരൂര്‍: എം.ടി.വാസുദേവന്‍നായരുടെ നവതി ആഘോഷ ചടങ്ങില്‍ വികാരാധീനനായി മമ്മുട്ടി. കഴിഞ്ഞ 41 വര്‍ഷമായി തനിക്ക് സിനിമയില്‍ നില്‍ക്കാന്‍ വഴിയൊരുക്കിയത് എം.ടിയാണന്നും തന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേതെന്നും മമ്മൂട്ടി പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ആഘോഷപരിപാടിയില്‍ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയായിരുന്നു മമ്മൂട്ടി. തനിക്ക് ഇതുവരെ ലഭിച്ച പുരസ്‌കാരങ്ങളെല്ലാം എംടിയുടെ കാല്‍ക്കല്‍ ദക്ഷിണയായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ‘സാദരം എം.ടി. ഉത്സവ’ത്തില്‍ മുഖ്യാതിഥിയായി നടത്തിയ പ്രസംഗം അവസാനിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം.ടി.യുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകുന്നില്ലെന്നും ചേട്ടനോ അനിയനോ പിതാവോ സുഹൃത്തോ ആരാധകനോ ഏതുവിധത്തിലും തനിക്ക് അദ്ദേഹത്തെ സമീപിക്കാമെന്നും നടന്‍ മമ്മൂട്ടി. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ നമ്മള്‍ ഉപയോഗിക്കുന്നതാണ് ഭാഷയെന്നും ഭാഷയുള്ളിടത്തോളം കാലം എം.ടി. നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ചുരുക്കം കഥാപാത്രങ്ങളെയെ ചെയ്തിട്ടുള്ളൂ. പക്ഷേ, ഇദ്ദേഹം എഴുതിയ നിരവധി കഥാപാത്രങ്ങളെ ഞാന്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. ആ കഥാപാത്രങ്ങളായി ഞാന്‍ ജീവിക്കുന്നത് സ്വപ്‌നം കണ്ടിട്ടുണ്ട്. ആ കഥകളിലെ ഒരുപാട് മനുഷ്യരെ ഞാന്‍ ഒറ്റയാളായിനിന്ന് അഭിനയിച്ചു തീര്‍ത്തിട്ടുണ്ട്. എന്നിലെ നടനെ അത് ഒരുപാട് പരിപോഷിപ്പിച്ചു. ഞാന്‍ വായിച്ചുതുടങ്ങുമ്പോള്‍ എനിക്ക് കഥാപാത്രങ്ങളോടും കഥയോടുമുള്ള ആഗ്രഹങ്ങള്‍ അഭിനയമായി പുറത്തുവന്നിട്ടുണ്ട്. ആരും കാണാതെ കണ്ണാടിയിലും വെള്ളത്തിലും മുഖം കഥാപാത്രങ്ങളാക്കി മാറ്റി ഞാന്‍ ഒരുപാട് പരിശീലിച്ചു. എം.ടി.യെ എന്നെങ്കിലും ഒന്ന് പരിചയപ്പെടാന്‍ കഴിയണേ എന്ന് കുട്ടിക്കാലത്തേ ആഗ്രഹിച്ചു. ഒരു ചലച്ചിത്രോത്സവത്തിന്റെ സമാപനത്തിലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഏതോ ഒരു മന്ത്രികശക്തി ഞങ്ങളെ പരസ്പരം ബന്ധിച്ചു. അതിനുശേഷമാണ് എനിക്ക് സിനിമയില്‍ അവസരം ഉണ്ടാകുന്നത്.

എം.ടി.ക്കു കിട്ടാത്ത പുരസ്‌കാരങ്ങളില്ല, പ്രശംസകളില്ല. പക്ഷേ, ഒരു സാഹിത്യകാരനെന്നതിനപ്പുറം വളരെ വലുതാണ് അദ്ദേഹത്തെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള സ്ഥാനം. നമ്മുടെ ദൈനംദിനസംഭാഷണങ്ങളില്‍ എവിടെയെങ്കിലുമൊക്കെ എം.ടി.യുടെ ഭാഷയും പ്രയോഗങ്ങളും കടന്നുവരാറുണ്ട്. പുതിയ തലമുറ അദ്ദേഹത്തെ എത്രത്തോളം വായിക്കുന്നുവെന്ന് അറിഞ്ഞുകൂടാ. പക്ഷേ, അവരിലേക്കും എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയും.

അത്രത്തോളം നവീകരിക്കപ്പെട്ട രചനയാണ് അദ്ദേഹത്തിന്റേത്. എം.ടിയെ നമ്മള്‍ ആദരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുഭാഷക്കാര്‍ ആദരിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച ആളാണ് ഞാന്‍ എന്നുപറയുമ്പോള്‍ എനിക്കുകിട്ടുന്ന ആദരം ഞാന്‍ ആസ്വദിക്കുന്നു. നാലഞ്ചുമാസം മുമ്പ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെ അഭിനയിച്ചു തീര്‍ത്തിട്ടേ ഉള്ളൂ. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ ഞാന്‍ ആഗ്രഹിക്കുന്നു- മമ്മുട്ടി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എംടിക്കായി കൊണ്ടുവന്ന സമ്മാനം മമ്മൂട്ടി തന്നെ കയ്യില്‍ അണിയിച്ചു.