മമ്മൂട്ടിയുടെ ‘കാതല്‍ ദ കോര്‍’ ചിത്രത്തിന് ഗള്‍ഫില്‍ വിലക്ക് വരാനുള്ള കാരണം ഇതാണ്
|
ദുബായ്: മമ്മൂട്ടിയും ജ്യോതികയും മുഖ്യ വേഷത്തിലെത്തുന്ന കാതല്‍ദ കോര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ചിത്രം മുന്നോട്ടുവെയ്ക്കുന്ന പ്രമേയമാണ് ഗള്‍ഫ് മേഖലകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിഷേധിക്കാന്‍ കാരണം. അറബ് രാജ്യങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ആശയമാണ് ചിത്രത്തിലുള്ളതെന്നാണ് വിലയിരുത്തല്‍. ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ബഹറിന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡുകളാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
കാതലിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയുടെതാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും ഇവിടെ ബാന്‍ ചെയ്തിരുന്നു. അന്നും ഉള്ളടക്കമാണ് കാരണമായി പറഞ്ഞത്.
നാളെയണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജിയോ ബേബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി ആദ്യമായാണ് തെന്നിന്ത്യന്‍ സുന്ദരി ജ്യോതിക എത്തുന്നത്. 12 വര്‍ഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് കാതല്‍. ലാലു അലക്‌സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം സാലു കെ തോമസ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മ്മാണം. ആദര്‍ശ് സുകുമാരനും പോള്‍സന്‍ സ്‌കറിയയും ചേര്‍ന്നാണ് രചന. വേഫെറെര്‍ ഫിലിംസ് ആണ് വിതരണം.


