24
Aug 2025
Fri
24 Aug 2025 Fri
man arrested for investment fruad

ഓൺലൈൻ ഓഹരി വ്യാപാരത്തിൽ ലാഭം വാ​ഗ്ദാനം ചെയ്ത് 86 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ. എറണാകുളം ചിറ്റൂർ മൂലമ്പള്ളി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജെവിൻ ജേക്കബ്(33) ആണ് പിടിയിലായത്. കോട്ടയം സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 ജൂൺ 10 മുതൽ ജൂലൈ 25 വരെ പല തവണകളായാണ് ഇയാൾ പരാതിക്കാരനിൽ നിന്ന് 86 ലക്ഷം രൂപ തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിങ് ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ പ്രതി ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും നിക്ഷേപത്തിന് ചെറിയ ലാഭം തിരിച്ചു നൽകുകയും ചെയ്തു. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. നിക്ഷേപിച്ച തുകയുടെ ലാഭ വിഹിതം ഇവരുടെ തന്നെ ഓൺലൈൻ വെർച്വൽ അക്കൗണ്ടിൽ കാണിച്ചായിരുന്നു തട്ടിപ്പ്. തുക പിൻവലിക്കാൻ 14 മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പറഞ്ഞസമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് തട്ടിപ്പുകൾ നടത്തി വന്ന പ്രതിയെ 10 ദിവസമായി വിവിധ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് കോട്ടയം സൈബർ സെൽ നിരീക്ഷിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി എസ് അനിൽകുമാർ, കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഹണി കെ ദാസ്, എസ് ഐ സുരേഷ് കുമാർ, എഎസ്ഐമാരായ ഷൈൻകുമാർ കെ സി, തോമസ് ടി വി, സി പി ഒ രാഹുൽ എന്നിവരടങ്ങുന്ന സൈബർ ടീമാണ് എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പനയ്ക്കപ്പാടം ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പല സംസ്ഥാനങ്ങളിലായി സമാനമായ എട്ടുകേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ALSO READ: റിപോര്‍ട്ടര്‍ ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലൈംഗികാതിക്രമമുണ്ടായെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക; ചോദ്യം ചെയ്തതിന് പ്രതികാരനടപടി