തലശ്ശേരി: ഗൃഹപ്രവേശനത്തിനിടെ നാലു വയസുകാരന്റെ രണ്ടുപവന്‍ തൂക്കംവരുന്ന മാല കവര്‍ന്ന 35കാരന്‍ പൊലീസ് പിടിയില്‍. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിങ്ങത്തൂരിലെ കോളോത്ത് രവീഷ് എന്നയാള്‍ പിടിയിലായത്. ചൊക്ലി സബ് ഇന്‍സ്പെക്ടര്‍ പിപി ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പൊക്കിയത്.
|
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പെരിങ്ങളത്തെ വീട്ടിലെത്തിയപ്പോഴാണ് രവീഷ് കുട്ടിയുടെ മാല പൊട്ടിച്ചെടുത്തത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയില്‍ നിന്ന് രവീഷ് തന്ത്രപരമായി മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
സമീപ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിച്ചു. നാദാപുരത്തെ കടയില്‍ പ്രതി വിറ്റ സ്വര്‍ണമാല പൊലീസ് കണ്ടെടുക്കുകയും ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.





