30 ദിവസത്തിനിടെ യുവാവിന് പാമ്പ് കടിയേറ്റത് അഞ്ചുതവണ. അഞ്ചു തവണയും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ യുവാവ് പാമ്പ് കടിയെ അതിജീവിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേഹ്പൂറിലാണ് അപൂർവമായ സംഭവം. വിവേക് ദുബേ എന്ന യുവാവിനെയാണ് പാമ്പുകൾ വിടാതെ പിടികൂടിയത്. ഓരോ തവണ പാമ്പ് കടിയേറ്റപ്പോഴും ഉടൻ തന്നെ യുവാവ് ചികിൽസ തേടിയിരുന്നു.
|
ജൂൺ രണ്ടിന് രാത്രിയാണ് വിവേകിന് ആദ്യമായി പാമ്പ് കടിയേറ്റത്. രാത്രിയിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോഴായിരുന്നു യുവാവിനെ പാമ്പ് കടിച്ചത്. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലെത്തി ചികിൽസ തേടി. രണ്ടു ദിവസം ചികിൽസയിൽ കഴിഞ്ഞശേഷം ആശുപത്രി വിട്ടു. ജൂൺ 10നും 17നും വിവേകിന് വീണ്ടും പാമ്പ് കടിയേറ്റു.
മൂന്നാം തവണയും പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയ വിവേകിനോട് എങ്ങോട്ടെങ്കിലും മാറി നിൽക്കൂ എന്ന ഉപദേശവും ഡോക്ടർമാർ നൽകി. ഇതിനു ശേഷവും വീടിനു സമീപത്തു നിന്നു പാമ്പ് കടിച്ചതോടെ വിവേക് രാധാ നഗറിലുള്ള അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നാൽ ഇവിടെ വച്ചും വിവേകിന് പാമ്പ് കടിയേറ്റു.
ഒരുമാസത്തിനിടെ അഞ്ചാം തവണയും പാമ്പ് കടിയേറ്റ് രക്ഷപ്പെട്ട വിവേക് ഡോക്ടർമാർക്കും അദ്ഭുതമായി. അതേസമയം വിഷമുള്ള പാമ്പുകളാണോ അഞ്ചുതവണയും വിവേകിന് കടിച്ചതെന്നു വ്യക്തമല്ല. എന്തുകൊണ്ടാണ് വിവേകിനെ പാമ്പുകൾ വിടാതെ പിന്തുടരുന്നു എന്നതും കൗതുകമായിട്ടുണ്ട്.





