കണ്ണൂര്‍: തോട്ടടയില്‍ ബസ് അപകടത്തില്‍ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിര്‍ദിശയില്‍ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ പത്തനംതിട്ട അഡൂര്‍ സ്വദേശി ആഷിക് മുഹമ്മദ് (28), കണ്ണൂര്‍ സ്വദേശി മിഥുന്‍ (33), അബിന്‍ (28), കോറോത്തെ ലീന (48) എന്നിവര്‍ ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ്.
|
അപകടത്തില്‍ സാബികിന്റെ തലവേര്‍പ്പെട്ടതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ വൈകിയിരുന്നു. ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഓമാനില്‍ മൊബൈല്‍ക്കടയില്‍ ജോലിചെയ്യുന്ന സാബിക് മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. കൊച്ചിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നല്‍കാനുള്ള സാധനങ്ങളുമായി തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട്ടുനിന്ന് യാത്രതിരിച്ചതായിരുന്നു. ഞാണിക്കടവ് മയ്യത്ത് റോഡിലെ എം. മുഹമ്മദ് കുഞ്ഞിയുടെയും പി.വി. ഖദീജയുടെയും മകനാണ്. സഹോദരിമാര്‍: ഫാത്തിമ, ഹാജിറ. മൃതദേഹം ഞാണിക്കടവ് ജുമാമസ്ജിദ് കബറിസ്താനില്‍ കബറടക്കി.
കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ തോട്ടായില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോയൊണ് അപകടമുണ്ടായത്. മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പര്‍ ബസ് മറിയുകയായിരുന്നു. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടം നടക്കുമ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരി നീതു പറഞ്ഞു.
സംഭവത്തില്‍ ബസ് െ്രെഡവര്‍ കാഞ്ഞങ്ങാട് സ്വദേശി സന്തോഷിന്റെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ലോറിയിലുള്ളവര്‍ ഓടിപ്പോയതായി സംശയിക്കുന്നു.





