01
Sep 2023
Thu
01 Sep 2023 Thu

35 ലക്ഷം രൂപ പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചുപറിച്ചെന്ന യുവാവിന്റെ പരാതിയില്‍ രണ്ടുമണിക്കൂറിനകം തീര്‍പ്പുണ്ടാക്കി പൊലീസ്. പരാതിക്കാരനെ തന്നെയാണ് പൊലീസ് കുടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈയിലെ മാതുംഗയിലാണ് സംഭവം. അന്ധേരി സ്വദേശിയായ 32കാരന്‍ അജിത് പട്ടേല്‍ ആണ് പരാതിക്കാരന്‍. അജ്ഞാതരുടെ പിടിച്ചുപറിക്കിരയായി 35 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് അജിത് പട്ടേല്‍ പൊലീസിനെ സമീപിച്ചത്.

യുവാവിനൊപ്പം അയാളുടെ ഡ്രൈവറും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പിടിച്ചുപറിയെക്കുറിച്ച് പൊലീസ് വിശദമായി ചോദിച്ചതോടെയാണ് ഇരുവരുടെയും ഭാഷ്യങ്ങളില്‍ അവ്യക്തത വന്നത്. പിടിച്ചുപറി നടന്നുവെന്ന് പറഞ്ഞ സ്ഥലത്തെത്തി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതോടെ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു ബോധ്യമായി.

തുടര്‍ന്ന് ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്തു. ഇതോടെ പിടിച്ചുപറി വ്യാജമാണെന്ന് വ്യക്തമായി. ചോദ്യംചെയ്യലില്‍ താനൊരു ഫ്‌ളാറ്റ് വാങ്ങിയിരുന്നുവെന്നും ഇതിനു നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന 35 ലക്ഷം രൂപ സ്വരൂപിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കി. ഇതിനാലാണ് പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കപ്പെട്ടുവെന്ന കള്ളക്കഥയുണ്ടാക്കിയതെന്നും അജിത് പട്ടേല്‍ പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് യുവാവിനും ഇയാളുടെ ഡ്രൈവര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു.