
കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തി ഫിസിയോ തെറാപ്പിസ്റ്റ് ആയ യുവാവ്. ഹൈദരാബാദിലാണ് സംഭവം. 32കാരനായ ബോദാ പ്രവീൺ ആണ് ഭാര്യ കുമാരി(29)യെയും മക്കളായ കൃഷിക(5)യെയും കൃതിക(3)യെയും ഭാര്യയെയും കൊലപ്പെടുത്തിയത്.
![]() |
|
അമിത അളവിൽ മയക്കുമരുന്ന് കുത്തിവച്ചായിരുന്നു ബോദ പ്രവീൺ ഭാര്യയെ കൊലപ്പെടുത്തിയത്. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് രണ്ട് പെൺമക്കളെയും ഇയാൾ കൊലപ്പെടുത്തി. തുടർന്ന് ഇയാൾ കാർ മനപ്പൂർവം ഇടിപ്പിക്കുകയായിരുന്നു. ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസ നേടിയ പ്രവീൺ പിന്നീട് കാമുകിക്കൊപ്പം പോവുകയുമായിരുന്നു.45 ദിവസത്തോളം ഇയാൾ കാമുകിയായ സോണി ഫ്രാൻസിസിനൊപ്പം താമസിക്കുകയും ചെയ്തു.
കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയ കുമാരിയുടെ ശരീരത്തിൽ സൂചികുത്തിയ പാടുകൾ കണ്ടതോടെയാണ് മരണത്തിൽ അസ്വാഭാവികത തോന്നിയത്. ഇതല്ലാതെ കുമാരിയുടെയോ മക്കളുടെയോ മൃതദേഹങ്ങളിൽ യാതൊരു വിധ പരിക്കുകളും ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുകയും പോലീസ് അന്വേഷണം തുടരുകയും ചെയ്തു. കാറിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെത്തുകയും ചെയ്തു.
ഇതിനിടെ പ്രവീൺ വാടകവീട് എടുക്കുകയും കാമുകി സോണി ഫ്രാൻസിസിനൊപ്പം താമസിക്കുകയും ജോലിക്കു പോവുകയും ചെയ്തിരുന്നു. 45 ദിവസത്തോളം പോലീസ് പ്രവീണിനെ വിളിക്കുകയോ മറ്റോ ചെയ്തിരുന്നില്ല. ഫോറൻസിക് റിപോർട്ട് ലഭിച്ചതിനു പിന്നാലെ പോലീസ് പ്രവീണിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. കാമുകിയുടെ ആവശ്യപ്രകാരമാണ് ഭാര്യയെയും മക്കളെയും ഒഴിവാക്കിയതെന്നാണ് പ്രതിയുടെ മൊഴി.