04
Jul 2023
Sat
04 Jul 2023 Sat

നെടുങ്കണ്ടം: ആറുവയസ്സുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊന്ന ശേഷം 15കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിക്ക് വധശിക്ഷ. ഇടുക്കി ആനച്ചാലിനു സമീപം ആമക്കണ്ടത്ത് 2021ൽ നടന്ന സംഭവത്തിലാണ് പ്രതിക്ക് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇതിന് പുറമെ നാലു വകുപ്പുകളിലായി ആകെ 104 വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവാണ് പ്രതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. തന്റെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം ഭാര്യാ സഹോദരിയും അമ്മയുമാണന്ന കരുതിയാണ് പ്രതി ക്രൂരകൃത്യം ചെയ്തത്.

ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ആറു വയസ്സുകാരനായ ചെറുമകനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അവിടെ നിന്നും തൊട്ടടുത്തുള്ള ഭാര്യാ സഹോദരിയുടെ വിട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം 15 വയസ്സുകാരിയായ മകളെ ഏലത്തോട്ടത്തില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു പ്രതി. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക