ഹൃതിക് റോഷന്‍ ചിത്രമായ ധൂം 2 വില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് മ്യൂസിയത്തില്‍ കയറി 15 കോടി രൂപ വിലവരുന്ന സ്വര്‍ണം മോഷ്ടിച്ച കള്ളന് പക്ഷേ രക്ഷപ്പെടാനായില്ല. ഭോപാല്‍ മ്യൂസിയത്തില്‍ കയറി വിദഗ്ധമായ സ്വര്‍ണം മോഷ്ടിച്ച കള്ളന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉയരത്തില്‍ നിന്നു വീഴുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. വിനോദ് യാദവ് എന്ന മോഷ്ടാവാണ് പിടിയിലായത്.
|
ഞായറാഴ്ച വൈകീട്ട് ടിക്കറ്റെടുത്ത് മ്യൂസിയത്തിനുള്ളില്‍ കയറിയ വിനോദ് യാദവ് ആരും കാണാതെ ഇതിനുള്ളില്‍ ഒളിക്കുകയായിരുന്നു. തിങ്കളാഴ്ച മ്യൂസിയത്തിന് അവധിയായിരുന്നു. ഇതിനിടെ മ്യൂസിയത്തില്‍ രണ്ട് മുറികളുടെ പൂട്ട് തകര്‍ത്ത വിനോദ് വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് മ്യൂസിയം തുറന്ന ജീവനക്കാരാണ് മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.
ഇതോടെ സുരക്ഷാജീവനക്കാര്‍ മ്യൂസിയത്തിനുള്ളിലും പരിസരത്തും തിരച്ചില്‍ നടത്തുകയും അബോധാവസ്ഥയില്‍ വീണുകിടക്കുന്ന വിനോദിനെ കണ്ടെത്തുകയും ചെയ്തു. വിനോദിന്റെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും മറ്റും കണ്ടെത്തുകയും ചെയ്തു. ഗുപ്ത ഭരണകാലത്തെയും ബ്രിട്ടീഷ് ഭരണകാലത്തെയും നാണയങ്ങളും സ്വര്‍ണാഭരണങ്ങളും മറ്റ് വസ്തുക്കളുമായിരുന്നു വിനോദ് മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ചത്.
23 അടിയോളം ഉയരത്തില്‍ നിന്ന് താഴേക്ക് വീണാണ് വിനോദിന് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. 10 കോടിയോളം രൂപ വിലമതിക്കുന്ന 100 ഗ്രാമോളം സ്വര്‍ണാഭരണങ്ങളും 5 കോടി രൂപ വിലമതിക്കുന്ന മറ്റു വസ്തുക്കളുമാണ് വിനോദ് മ്യൂസിയത്തില്‍ നിന്ന് അടിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു.
മ്യൂസിയത്തിലെ സിസിടിവികള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും മോഷണം തടയുന്നതിനുള്ള അലാം സംവിധാനം ഇവിടെ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. മ്യൂസിയത്തിലെ കതകുകള്‍ ബലംകുറഞ്ഞ അലുമിനിയത്തില്‍ നിര്‍മിച്ചതാണെന്നും മേല്‍ക്കൂരയില്‍ പലയിടത്തും എളുപ്പം തകര്‍ക്കാവുന്ന പ്ലാസ്റ്റിക് ഷീറ്റുകളാമെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം മോഷണമുതലുമായി രക്ഷപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും മ്യൂസിയത്തിലെ സുരക്ഷാജീവനക്കാരുടെ സാന്നിധ്യം മൂലം അതിനു കഴിഞ്ഞില്ലെന്നും വിനോദ് യാദവ് പറഞ്ഞു.