22
Jul 2025
Tue
22 Jul 2025 Tue

നോമ്പ് തുറക്കാനുള്ള ഭക്ഷണം വാങ്ങി സ്കൂട്ടറിൽ വരുമ്പോൾ കാറിടിച്ചു തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മലപ്പുറം തലപ്പാറ വലിയപറമ്പ് ചാന്ത് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാഷിറി (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 12വരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല.

തിങ്കൾ രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പോലീസും ഫയർഫോഴ്സും സന്നദ്ധ സേനാംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. ശക്തമായ മഴയും തോട്ടിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.

ഇന്ന് തലപ്പാറ മുട്ടിച്ചിറക്കു സമീപം മൃതദേഹം പൊങ്ങുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം നടത്തും.