താനെ: അയൽവാസിയുടെ അഞ്ചും നാലും വയസുള്ള ആൺ-പെൺ കുട്ടികളെ കെട്ടിടത്തിൽ നിന്ന് താഴേക്കെറിഞ്ഞ് യുവാവിന്റെ ക്രൂരത. താഴെ വീണ കുട്ടികളിൽ മൂത്ത കുട്ടിയായ അഞ്ച് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബ്ര ടൗൺഷിപ്പിലെ ദേവ്റിപാദയിലാണ് സംഭവം. താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് യുവാവ് കുട്ടികളെ എടുത്ത് താഴേക്കെറിഞ്ഞത്.
|
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നാല് വയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച നടന്ന സംഭവത്തിൽ, പ്രതിയായ ആസിഫ് എന്നയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ് ക്രൂരതയ്ക്ക് ഇരയായത്.
ആസിഫിനും ഭാര്യക്കും കുട്ടികളില്ല. പ്രതിയും ഭാര്യയും തമ്മിൽ ഇതേ ചൊല്ലി വഴക്ക് പതിവായിരുന്നു. ഇരകളായ കുട്ടികളുടെ മാതാവും പ്രതിയുടെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ കുട്ടികളുടെ കാര്യം സംസാരിക്കുന്നത് ഇയാൾക്കിഷ്ടമില്ലായിരുന്നു.
ശനിയാഴ്ച അപ്പാർട്ട്മെന്റിൽ കളിച്ചുകൊണ്ടിരുന്ന അയൽവാസിയുടെ രണ്ട് കുട്ടികളേയും എടുത്ത് പ്രതി രണ്ടാം നിലയിൽ നിന്ന് താഴേക്കെറിയുകയായിരുന്നു. ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇളയകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂത്ത കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.
സംഭവത്തിൽ കുട്ടികളുടെ മാതാവിന്റെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.





