29
Oct 2023
Sun
29 Oct 2023 Sun

കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിലായി. ഫാത്തിമ മഹലിൽ പി.കെ ഫാത്തിമബിയുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അസം സ്വദേശി നിതായി നഗറിലെ അബ്ദുറഹ്മാൻ ലസ്‌കർ ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പന്നിയങ്കര എസ്.ഐ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം അസമിൽ പോയാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട് ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ഫാത്തിമബിയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ യഥാസമയം മാറ്റുന്നതിൽ ബാങ്കിനുണ്ടായ വീഴ്ചയാണ് പണം നഷ്ടപ്പെടാൻ കാരണമായത്.

പരാതിക്കാരിയായ അക്കൗണ്ട് ഉടമ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ ആറ് വർഷം മുമ്പ് ഉപേക്ഷിക്കുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അക്കൗണ്ട് ഉടമ നൽകിയ പുതിയ നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിൽ ബാങ്ക് വീഴ്ച വരുത്തുകയും പഴയ നമ്പർ തന്നെ തുടരുകയുമായിരുന്നു. ഇതിനിടെ ഫാത്തിമബി ഉപേക്ഷിച്ച ഫോൺ നമ്പർ അസംസ്വദേശിയായ അബ്ദുറഹ്മാൻ ലസ്കറിന് ലഭിച്ചിരുന്നു. ഈ ഫോൺ നമ്പരിലേക്ക് ഫാത്തിമബിയുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷപ വിവരങ്ങളെല്ലാം ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി ഓൺലൈൻ ട്രാൻസാക്ഷൻ ആപ് ഉപയോഗിച്ച് പണം തട്ടിയത്. പ്രതിയുടെ ബന്ധുവായ ഐടി ജീവനക്കാരന്റെ സഹായവും ഇതിനു ലഭിച്ചു.

സെപ്തംബറിൽ പണം പിൻവലിക്കാനായി ഫാത്തിമബി മകന് ചെക്ക് നൽകിയപ്പോഴാണ് അക്കൗണ്ടിലുള്ള പണം നഷ്ടമായ കാര്യം പുറത്തായത്. തുടർന്ന് ഫാത്തിമബിയും ബന്ധുക്കളും സെപ്തംബർ 21ന് പന്നിയങ്കര പൊലീസിൽ പരാതി നൽകി. 2023 ജൂലൈ 24നും സെപ്തംബർ 19നും ഇടയിൽ പല തവണകളായാണ് പ്രതി അക്കൗണ്ടിലെ പണം അപഹരിച്ചത്. എ.ടി.എം കാർഡോ ഓൺലൈൻ പണം ഇടപാടോ പരാതിക്കാരി നടത്തിയിരുന്നില്ല. ഇതാണ് പ്രതിയുടെ തട്ടിപ്പിന് സഹായകമായത്. പ്രതി കൈവശപ്പെടുത്തിയ മുഴുവൻ തുകയും തിരിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയുടെ ബന്ധുവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.