ന്യൂഡല്‍ഹി: മണിപ്പൂരിലെ ആക്രമണങ്ങളില്‍ ഇതുവരെ 221 ചര്‍ച്ചുകളും 17 ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടതായി കണക്കുകള്‍. കുക്കി വിഭാഗങ്ങളുടെ 1425 വീടുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ മെയ്തികളുടെ 1988 വീടുകള്‍ നശിപ്പിക്കപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷങ്ങളില്‍ ഇതുവരെ 98 പേരാണ് മരിച്ചത്. 300 ലധികം പേര്‍ക്ക് പരുക്കേറ്റു. മെയ്തി വിഭാഗത്തെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ഗോത്രവര്‍ഗവിഭാഗമായ കുക്കികളുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് മെയ് മൂന്നിന് തുടങ്ങിയ പ്രക്ഷോഭമാണ് മണിപ്പൂരില്‍ സംഘര്‍ഷത്തിലും പിന്നീട് രൂക്ഷമായ കലാപത്തിലും കലാശിച്ചത്.
|
ഇന്നലെ നടന്ന വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വെസ്റ്റ് ഇംഫാല്‍ ജില്ലയിലെ സുഗ്‌നയില്‍ നിരവധി വീടുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു. കുക്കി വംശജര്‍ തങ്ങളുടെ വിടുകള്‍ക്ക് തീയിട്ടെന്നും ഇത് കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷായോട് ചെയ്ത കരാര്‍ ലംഘനമാണെന്നും മെയ്തികള്‍ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയില്‍ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിന്നായി 4,000ത്തിലധികം ആയുധങ്ങളാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്. ഇതെല്ലാം തിരിച്ചേല്‍പ്പിക്കാന്‍ അമിത് ഷാ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ 144 ആയുധങ്ങള്‍ തിരിച്ചുകിട്ടിയതായി സര്‍ക്കാര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം അഞ്ചുവരെ നീട്ടി. അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ പട്ടാളം കാര്യമായ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. അമിത് ഷാ പ്രഖ്യാപിച്ച 30 മെട്രിക് ടണ്‍ അരിയും ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഹെലികോപ്ടര്‍ സര്‍വിസുകളും ഉടന്‍ ആരംഭിക്കും.





