മണിപ്പൂരില്‍ കലാപം രൂക്ഷം: വീടുകള്‍ക്ക് തീയിട്ടു, പൊലീസുകാരന്‍ മരിച്ചു; കേസ് ഇന്ന് സുപ്രിം കോടതിയില്‍, DGP ഹാജരാകും
|
ഇംഫാല്‍: മൂന്നുമാസം പിന്നിട്ടിട്ടും കലാപത്തിന് അയവില്ലാതെ മണിപ്പൂര്‍. ചെക്ക്‌ക്കോണ്‍ മേഖലയില്‍ വീടുകള്‍ തീയിട്ടു. ക്വക്തയില്‍ രാത്രിയിലും വെടിയൊച്ചകളുടെ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു. ഇംഫാല്‍ വെസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐ.റ്റി.എല്‍.എഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. മെയ് 29 നും ജൂണ്‍ 1 നും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഐ.റ്റി.എല്‍.എഫ് നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികളും, ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനായി ഇരുവരും ഇന്നലെ ഡല്‍ഹിയില്‍ എത്തി. ഇന്നലെ ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
നേരത്തെ കേസ് പരിഗണിച്ചപ്പോഴെല്ലാം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശിതവിമര്‍ശനമാണ് സുപ്രിംകോടതിയില്‍നിന്നുണ്ടായിരുന്നത്.





