മണിപ്പൂരില്‍ മെയ്തികള്‍ നഗ്നരാക്കി നടത്തി പീഡിപ്പിച്ചത് സൈനികന്റെ ഭാര്യയെ; സൈനികന്റെ പരാതിയും പോലീസ് അവഗണിച്ചു
|
ഇംഫാല്‍: മണിപ്പൂരില്‍ മെയ്തി പുരുഷ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തി പീഡിപ്പിച്ചത് സൈനികന്റെ ഭാര്യയെ. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയാണ് അപമാനിക്കപ്പെട്ടത്. സൈനികന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്നും സൈനികന്‍ ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. പ്രതികള്‍ക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനും കേസെടുത്തു. സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടു കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. അതിനിടെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികള്‍ വീട് കത്തിച്ചത്.
അതേസമയം, സാധാരണ നിലയിലേക്ക് മടങ്ങിവരികയായിരുന്ന മണിപ്പൂര്‍ കുക്കി സ്ത്രീകളെ പുരുഷ ആള്‍ക്കൂട്ടം നഗ്‌നരായി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ശേഷം വീണ്ടും പിരിമുറുക്കത്തിലാണ്.





