കൂവപ്പടി ജി ഹരികുമാര്‍
|
ഗുരുവായൂര്‍: ഗുരുവായൂര്‍ കിഴക്കേനടയില്‍ ക്ഷേത്രനഗരിയുടെ മുഖശ്രീയായി കാലങ്ങളായി നിലകൊള്ളുന്ന മഞ്ജുളാലിന്റെ തറയും ഗരുഡശില്‍പ്പവും പുനര്‍നിര്‍മിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. മഹാവിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്ന ഗരുഡന്‍ പുതിയ രൂപത്തില്‍ ചിറകുവിടര്‍ത്തി ഗുരുവായൂര്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കും. കാലപ്പഴക്കവും മൂലം മഞ്ജുളാല്‍ത്തറ ക്ഷയോമുഖമായി തീര്‍ന്നിട്ട് നാളുകളായി. ആല്‍ത്തറയോടടുത്തുള്ള പൂന്താനം നമ്പൂതിരിയുടെ ശില്‍പ്പവും ഏറെ പ്രസിദ്ധമാണ്.
മഞ്ജുളാല്‍ത്തറയുടെയും ഗരുഡശില്‍പ്പത്തിന്റെയും ചെറുമാതൃക ദേവസ്വം ഭരണസമിതി വിലയിരുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രീവത്സം അനക്‌സ് ഹാളിലാണ് മാതൃകാരൂപം പ്രദര്‍ശിപ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ നിര്‍ദ്ദിഷ്ട മഞ്ജുളാല്‍ത്തറയുടെയും ഗരുഡശില്‍പത്തിന്റെയും മാതൃകാരൂപം അനാവരണം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രന്‍, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി.നായര്‍, വി.ജി. രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആറുമാസത്തിനകം പുതിയ ആല്‍ത്തറയും വെങ്കലശില്‍പ്പവും നിര്‍മിച്ച് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ഉണ്ണി കാനായി ആണ് ശില്‍പ്പി. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ദുബായിയിലെ വ്യവസായിയുമായ വേണു കുന്നപ്പള്ളിയെന്ന ശ്രീകൃഷ്ണഭക്തനാണ് വഴിപാടായി ഇതിന്റെ നിര്‍മാണം ഏറ്റെടുത്തു നടത്തുന്നത്.





