01
Jun 2023
Sat
01 Jun 2023 Sat

കണ്ണൂർ: വാരം പുറത്തീൽ മിർഖാത്തുൽ ഇസ്‌ലാം ജമാ അത്ത് പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയും മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായ കെ.പി താഹിറിന് തിരിച്ചടി. പുറത്തീൽ പള്ളി കമ്മിറ്റിക്ക് നഷ്ടപ്പെട്ട ഒന്നര കോടിയിലേറെ രൂപ താഹിറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന വഖ്ഫ് ബോർഡ് ഉത്തരവിട്ടു. തുക ഈടാക്കാൻ ആവശ്യമായ റിക്കവറി നടപടികൾ സ്വീകരിക്കാൻ കണ്ണൂർ ഡിവിഷനൽ ഓഫിസറെ വഖ്ഫ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ചുമതലപ്പെടുത്തി. താഹിറിനെതിരെ ക്രിമിനൽ കേസ് എടുക്കാനും വഖഫ് ബോർഡിന്റെ ശിപാർശയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം ആറിന് ചേർന്ന സംസ്ഥാന വഖ്ഫ് ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ഇക്കാലയളവിൽ ഓഡിറ്റ് വരവിൽ നഷ്ടമായി കാണിച്ച 9247 രൂപയും ഓഡിറ്റിൽ തടസ്സപ്പെടുത്തിയ 1,57,79,500 രൂപയും നഷ്ടത്തിന് ഉത്തരവാദിയായ താഹിറിൽ നിന്ന് റിക്കവറി നടത്തണമെന്നും ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനുമാണ് ഉത്തരവിട്ടത്.

2010-15 കാലയളവിലാണ് പള്ളി കമ്മിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്. ഈ കാലയളവിൽ പള്ളി കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു താഹിർ. 2015ൽ വന്ന പുതിയ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും താഹിറിന് പണം നഷ്ടപ്പെട്ടതിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താഹിറിനെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തെങ്കിലും പിന്നീട് പുറത്തുകടന്നു.

അക്കാലത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ്കുട്ടി ഹാജി രണ്ടാം പ്രതിയും ഖജാഞ്ചി പികെസി ഇബ്രാഹീം മൂന്നാം പ്രതിയുമാണ്. 2015ലെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പള്ളിക്കമ്മിറ്റിയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്. തുടർന്ന് കമ്മിറ്റി അവതരിപ്പിച്ച കണക്കുകൾ വ്യാജമാണെന്നും വീണ്ടും ഓഡിറ്റ് ചെയ്യണമെന്നും ജനറൽ ബോഡി യോഗം തീരുമാനിച്ചു. വഖ്ഫ് ബോർഡ് നടത്തിയ പ്രാഥമിക പരിശോധനയിൽ 84 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പിന്നീട്, കണ്ണൂരിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തിയ പരിശോധനയിലും ക്രമക്കേട് സ്ഥിരീകരിച്ചതോടെ പ്രതികൾ കുടുങ്ങുകയായിരുന്നു.

തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശപ്രകാരം കേസന്വേഷണം ചക്കരക്കൽ പോലിസ് ഏറ്റെടുക്കുകയും താഹറിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലാ മുസ് ലിം ലീഗിൽ ഏറെ വിവാദമുയർത്തിയ സംഭവമായിരുന്നു ഇത്. അന്നത്തെ യൂത്ത് ലീഗ് നേതാവായിരുന്ന മൂസാൻകുട്ടി നടുവിൽ താഹിറിനെതിരേ പരസ്യപ്രതികരണം നടത്തിയതിനു പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താവുകയും പിന്നീട് സിപിഎമ്മിൽ ചേരുകയും ചെയ്തിരുന്നു. കേസിന്റെ തെളിവിലേക്കായി സംസ്ഥാന പോലിസ് മേധാവി ആവശ്യപ്പെട്ടത് പ്രകാരം സർക്കാർ ഓഡിറ്റ് വകുപ്പിനെ വിശദ ഓഡിറ്റിന് നിയോഗിക്കുകയായിരുന്നു. ഇതിലാണ് ഒരു കോടി ഏഴുലക്ഷത്തിൽപരം രൂപയുടെ ചെലവു കണക്കുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്.

ഉത്തരവിന്റെ പകർപ്പ് കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക