വാഷിങ്ടണ്‍: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് പുറത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ ചുരുങ്ങിയത് ലക്ഷം മൃതദേഹങ്ങളിലും ഉണ്ടാകാമെന്ന് കണക്ക് കൂട്ടല്‍. (Mass graves found near Syrian capital, containing over 100,000 bodies buried by Assad regime) പുറത്താക്കപ്പെട്ട ബശ്ശാറുല്‍ അസദ് ഭരണകൂടം കൊന്ന് കുഴിച്ചുമൂടിയ മൃതദേഹാവശിഷ്ടങ്ങളാണ് ഇവിടെയുള്ളതെന്ന് സിറിയന്‍ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.
|
സിറിയന്‍ തലസ്ഥാനത്തിന് 40 കിലോമീറ്റര്‍ വടക്ക് അഞ്ച് കൂട്ടക്കുഴിമാടങ്ങളാണുള്ളതെന്ന് ടാസ്‌ക് ഫോഴ്‌സ് മേധാവി മുആസ് മുസ്തഫ പറഞ്ഞു. ലക്ഷം എന്നത് ഏറ്റവും ചുരുങ്ങിയ കണക്കാണെന്നും കൂടുതല്‍ കുഴിമാടങ്ങള്‍ ഉണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ സിറിയക്കാര്‍ക്ക് പുറമേ വിദേശ പൗരന്മാരുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്.
അസദ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം കത്തിപ്പടര്‍ന്ന 2011 മുതല്‍ ആയിരക്കണക്കിന് സിറിയക്കാരെ ഭരണകൂടം ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. അസദും 2000ല്‍ മരിച്ച പിതാവ് ഹാഫിസും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കുപ്രസിദ്ധി നേടിയവരാണ്.
കസ്റ്റഡി പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധി നേടിയ നിരവധി ജയിലുകള്‍ സിറിയയിലുണ്ട്. ഇവിടെ നിന്ന് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളാണ് കൂട്ടമായി അടക്കം ചെയ്തത്.

സിറിയന്‍ എയര്‍ഫോഴ്‌സിന്റെ ഇന്റലിജന്‍സ് ബ്രാഞ്ചിനായിരുന്നു സൈനിക ഹോസ്പിറ്റലുകളില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നതിനുള്ള ചുമതല. ശീതീകരിച്ച ട്രാക്ടറുകളില്‍ നിന്ന് മൃതദേഹം ഇറക്കുന്നതിന്റെ ചുമതല ദമസ്‌കസ് മുനിസിപ്പല്‍ ഫ്യൂനറല്‍ ഓഫീസിനായിരുന്നു.
ഇവിടെ ജോലി ചെയ്യുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത നിരവധി ജോലിക്കാരില്‍ നിന്നാണ് കുഴിമാടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതെന്ന് മുസ്തഫ അറിയിച്ചു.


