തെല്‍അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മര്‍ക്കടമുഷ്ടിക്കെതിരേ ഇസ്രായേലില്‍ പ്രതിഷേധം ആളിക്കത്തുന്നു.(Masses protest across Israel; demanding a hostage-ceasefire deal ) ഒക്ടോബര്‍ 7ന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിനാണ് തെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേലി നഗരങ്ങള്‍ സാക്ഷിയാവുന്നത്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിന് ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി വെടിനിര്‍ത്തലിന് തയ്യാറാവണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആറ് ബന്ദികളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം കണ്ടെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്.
|
തെല്‍ അവീവില്‍ മാത്രം മൂന്ന് ലക്ഷത്തോളം പേര്‍ പങ്കാളികളായി. മറ്റ് വിവിധ നഗരങ്ങളില്‍ രണ്ട് ലക്ഷം പേര്‍ അണിനിരന്നു. തെല്‍ അവീവില്‍ ഡിസെന്‍ഗോഫ് നഗരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഐഡിഎഫ് ആസ്ഥാനമായ ബിഗിന്‍ ഗേറ്റിലേക്ക് നീങ്ങി. കൊല്ലപ്പെട്ട ആറ് ബന്ദികളുടെ പ്രതീകമായി ആറ് ശവപ്പെട്ടികളും വഹിച്ചായിരുന്നു പ്രതിഷേധം.
ALSO READ: പാക് ചാര സുന്ദരിയ്ക്ക് നാവിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കി; മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ് പോളിന്‍(23) ഈഡന്‍ യെറുശാല്‍മി(24), ഒരി ഡാനിനോ(25), അലക്‌സ് ലൊബാനോവ്(32), കാര്‍മല്‍ ഗാറ്റ്(40), അല്‍മോഗ് സാര്‍സുയി(27) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച്ച രാത്രി റഫയിലെ ഒരു തുരങ്കത്തില്‍ നിന്നാണ് ലഭിച്ചത്. തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്താണ് ബന്ദികളെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ഓരോരുത്തരുടെയും ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളുണ്ടായിരുന്നു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബന്ദി മോചന കരാറില്‍ ഒപ്പിടാതെ നീട്ടിവയ്ക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയാണ് പ്രധാന പ്രതിഷേധം. ബാക്കിയുള്ള ബന്ദികളെ ജീവനോടെ തിരിച്ചുകൊണ്ടുവരുന്നതിന് ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇസ്രായേലി പതാകകള്‍, ബന്ദികളോടുള്ള ആദര സൂചകമായി മഞ്ഞ റിബ്ബണുകള്‍, മരിച്ച ആറ് പേരോട് ഖേദം പ്രകടിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ എന്നിവയുമായാണ് പ്രതിഷേധക്കാര്‍ റാലിയില്‍ അണിനിരന്നത്.
സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹിസ്റ്റാദ്രുത് ലേബര്‍ ഫെഡറേഷന്‍ നേതാവ് അര്‍നോണ്‍ ബാര്‍ ഡേവിഡ് തിങ്കളാഴ്ച്ച പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. ബന്ദികളുടെ നിരവധി ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.


