27
Feb 2024
Mon
27 Feb 2024 Mon
massive-search-continues-for-the-kidnapped-child-thiruvananthapuram

തിരുവനന്തപുരം പേട്ടയില്‍ നാടോടികളായ അതിഥി തൊഴിലാളി ദമ്പതികളുടെ രണ്ട് വയസുകാരി മകളെ തട്ടിക്കൊണ്ടു പോയിട്ട് 10 മണിക്കൂര്‍ പിന്നിടുന്നു. ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്- റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ അവ്യക്തത തുടരുകയാണ്. തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്‌കൂട്ടറിലാണെന്ന കുട്ടിയുടെ സഹോദരന്റെ മൊഴിയിലാണ് അവ്യക്തത തുടരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീപപ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ സ്‌കൂട്ടര്‍ കാണാത്തത് കൊണ്ടുതന്നെ തട്ടിക്കൊണ്ടുപോയത് ഈ വാഹനത്തില്‍ തന്നെയാണോ എന്നാണ് സംശയം. കാണാതാവുന്ന സമയത്ത് കറുപ്പില്‍ വെള്ള പുള്ളികളുള്ള ടീ ഷര്‍ട്ടായിരുന്നു കുട്ടി ധരിച്ചിരുന്നത്. പൊലീസ് നായ കുട്ടിയെ കാണാതായതിന്റെ 400 മീറ്റര്‍ അകലെ ബ്രഹ്മോസ് വരെ പോയിട്ടുണ്ട്. രാത്രി 12നും ഒന്നിനും ഇടയിലാണ് ഏകദേശം കുട്ടിയെ കാണാതായത് എന്നാണ് എഫ്ഐആറിൽ പറയുന്നത്.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത് കണ്ടുവെന്ന സഹോദരന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്. സ്‌കൂട്ടറില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് കണ്ടെന്ന് ആദ്യം മൊഴി നല്‍കിയ സഹോദരന്‍, എന്നാൽ മാധ്യമങ്ങളോട് കണ്ടില്ലെന്ന മൊഴിയാണ് നല്‍കിയത്. രണ്ട് പേര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത് മൂത്ത സഹോദരന്‍ കണ്ടെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സഹോദരിയെ തട്ടിക്കൊണ്ട് പോയത് കണ്ടത് ആറ് വയസുള്ള രണ്ടാമത്തെ സഹോദരനാണെന്നാണ് മൂത്ത സഹോദരനായ സീനു പറഞ്ഞത്. അനിയന്‍ ബഹളം വച്ചപ്പോഴാണ് മാതാപിതാക്കള്‍ ഉണര്‍ന്നതെന്നും സീനു മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു, മന്ത്രി ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. എല്ലാവിധത്തിലുള്ള പരിശോധനകളും പൊലീസ് നടത്തുന്നുണ്ടെന്നും ആദ്യം കുട്ടിയെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും നാഗരാജു പ്രതികരിച്ചു. സംഭവം ആസൂത്രിതമാണോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മറ്റ് ജില്ലകളിലെ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ സാധാരണ ഗതിയിലുള്ള നിരീക്ഷണം കൂടുതലുള്ള സ്ഥലമാണിതെന്നും വിജനമായ സ്ഥലമായത് കൊണ്ടും മയക്കുമരുന്നും മറ്റും വില്‍ക്കുന്നുണ്ടെന്ന രീതിയില്‍ പോലീസുകാര്‍ റോന്തു ചുറ്റണമെന്ന നിര്‍ദേശം താന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പര്‍ 112 അല്ലെങ്കില്‍ 0471-2743195 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. പേട്ട ഓള്‍ സെയ്ന്റ്സ് കോളജിന് സമീപത്തുവച്ച് മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്.