വിശാഖപട്ടണം: 15കാരിയെ ആശ്രമത്തില്‍ ബന്ധിയാക്കി ബലാല്‍സംഗം ചെയ്തുവന്ന മഠാധിപതി അറസ്റ്റില്‍. വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 63കാരനായ പൂര്‍ണാനന്ദ ഇത് രണ്ടാം തവണയാണ് ബലാത്സംഗകുറ്റത്തിന് അറസ്റ്റിലാവുന്നത്.
|
ആശ്രമത്തില്‍ ബന്ധിയാക്കി പൂര്‍ണാനന്ദ രണ്ടുവര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് പെണ്‍കുട്ടിയെ ആശ്രമത്തിന്റെ കീഴില്‍ നടത്തുന്ന അനാഥാലയത്തില്‍ എത്തിച്ചത്.
എന്നും രാത്രി സ്വാമി തന്നെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുമായിരുന്നു എന്ന് കുട്ടിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ തന്നെ കിടപ്പുമുറിയില്‍ കെട്ടിയിട്ടിരിക്കുകയാണ്. എല്ലാ ദിവസവും രണ്ട് സ്പൂണ്‍ ഭക്ഷണം നല്‍കുമായിരുന്നു. ആഴ്ചയില്‍ ഒരു തവണ മാത്രമാണ് തന്നെ കുളിക്കാന്‍ അനുവദിച്ചിരുന്നത് എന്നും കുട്ടി പറഞ്ഞു.
ജൂണ്‍ 13നാണ് പെണ്‍കുട്ടി ആശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടത്. ട്രെയിനില്‍ കയറിയ പെണ്‍കുട്ടി ഒരു യാത്രക്കാരിയോടാണ് ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ പൊലീസിന്റെ കത്ത് ആവശ്യപ്പെട്ടു. കത്ത് വാങ്ങിയ ശേഷം യാത്രക്കാരി പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയിലെത്തിച്ചു. തനിക്ക് ഏല്‍ക്കേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറഞ്ഞതോടെ ശിശുക്ഷേമ സമിതി കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
2012ലാണ് ഇതേ ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനാണ് പൂര്‍ണാനന്ദനയ്‌ക്കെതിരേ കേസെടുത്തിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





