|
കോഴിക്കോട്: ‘എന്റെ വീട്ടിൽ പൈസ ഇല്ല. എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണിത്, ഒന്നും ചെയ്യരുത്…” പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള കുട്ടികളുടെ ആഘോഷത്തിനിടെ യൂണിഫോമിലേക്ക് ചായം തേക്കാനെത്തിയ സഹപാഠിയോടെ വിദ്യാർഥിനി കരഞ്ഞുപറയുന്നതായുള്ള മാതൃഭൂമി വാർത്ത വ്യാജമാണെന്ന് പോലീസും സ്‌കൂൾ അധികൃതരും.
കഴിഞ്ഞദിവസമാണ് മാതൃഭൂമി ഓൺലൈനിൽ ഈ വാർത്ത വന്നത്. ദയനീയ രംഗം കണ്ട പോലീസ് പെൺകുട്ടിയുടെ അടുത്ത് ഓടിയെത്തുകയും കുട്ടികളെ മാറ്റി നിർത്തി കുട്ടിക്ക് സംരക്ഷണം ഒരുക്കിയെന്നുമായിരുന്നു വാർത്ത. ഏറെ പേർ പങ്കുവെച്ച വാർത്തയായിരുന്നു ഇത്. എന്നാൽ ഇങ്ങിനെയൊരു സംഭവം പോലുമില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ലേഖകൻ സ്വന്തം ഭാവന ചേർത്ത് എഴുതിയുണ്ടാക്കിയ കഥയാണ് ഇതെന്ന് വ്യക്തമാകുകയാണ്.
‘അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ചായം എറിയരുത്, കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി’ എന്ന തലക്കെട്ടിലാണ് ഈ വാർത്ത ആദ്യം മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ടത്. മലപ്പുറം കാളികാവിലെ മലയോര മേഖലയിലെ പ്രധാന സ്‌കൂളിനെ ഉദ്ധരിച്ച് വന്ന വാർത്തയിൽ പരയുന്ന തരത്തിലുള്ള ഒരു പെൺകുട്ടിയേ ഇല്ലയെന്ന് തങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായതായി സ്‌കൂൾ അധികൃതർ പറഞ്ഞു.
വാർത്ത വൈറലായതോടെ നിരവധി പേർ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നിരവധി സന്നദ്ധ സംഘടനകൾ സ്‌കൂളിനെ ബന്ധപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയതെന്ന് കാളികാവ് ക്രസന്റ് എച്ച്എസ്എസ് അധ്യാപകൻ വിപി മുജീബ് റഹ്മാൻ പറഞ്ഞു.
സംഭവ ദിവസം പ്ലസ്ടു വിദ്യാർത്ഥികളുടെ അവസാന പരീക്ഷാ ദിനമായിരുന്നു. അതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തുവെച്ച് ആഘോഷപരിപാടികളൊക്കെ നടത്തിയിരുന്നു. എന്നാൽ സ്‌കൂൾ പരിസരത്ത് പോലീസിന്റെ നിരീക്ഷണമുണ്ടായതിനാൽ കുട്ടികൾ തൊട്ടടുത്തുള്ള അമ്പലക്കുന്ന് മൈതാനിയിൽ പോയാണ് ആഘോഷം നടത്തിയത്.അതിന്റെ ഭാഗമായി വാഹനം ഓടിക്കുകയും, ചായം വിതറുകയുമൊക്കെയുണ്ടായി.
പക്ഷെ, ഇവിടെ ഒരു തരത്തിലുള്ള അനിഷ്ട സംഭവവുമുണ്ടായിട്ടില്ല എന്നാണ് വിവരം. പക്ഷേ സ്വാഭാവിക പോലീസ് നടപടിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വാർത്ത വന്നതെന്ന് മുജീബ് റഹ്മാൻ പറഞ്ഞു.
ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് കാളികാവ് പോലീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും പലരും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നു. മാതൃഭൂമി വാർത്ത നിഷേധിക്കുന്നതായി കാളികാവ് പോലീസിന്റെ വോയ്‌സ് ക്ലിപ്പും പ്രചരിക്കുന്നുണ്ട്.
അതിനിടെ കുട്ടിയുടെ വിവരം ചോദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. മാതൃഭൂമി വാർത്തയുടെ അടിയിൽ കമന്റായിട്ടാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്. ഈ വാർത്തയിൽ പറയുന്ന കുട്ടിയുടെ വിവരങ്ങൾ നൽകാനാകുമോ, എന്താണ് ചെയ്യാൻ പറ്റുക എന്ന് പരിശോധിക്കാം എന്നായിരുന്നു മന്ത്രിയുടെ കമന്റ്. നിരവധി പേരാണ് ഇതിന് മന്ത്രിക്ക് പിന്തുണയുമായി എത്തിയത്. എന്നാൽ വാർത്തയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.





