2,721 കോടി വേണ്ട; അല്‍ ഹിലാലില്‍നിന്നുള്ള വമ്പന്‍ ഓഫര്‍ വേണ്ടെന്നുവച്ച് എംബാപ്പെ
|
റിയാദ്: സൗദി ക്ലബ് അല്‍ ഹിലാല്‍ മുന്നില്‍ വച്ച ലോക റെക്കോര്‍ഡ് തുകയില്‍ താത്പര്യം കാണിക്കാതെ പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. സോക്കര്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമായ 2,721 കോടിയുടെ ഓഫര്‍ ആണ് അല്‍ ഹിലാല്‍ ഫ്രഞ്ച് താരത്തിനു മുന്നില്‍ വച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സൗദി ക്ലബ് അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് പോലും താരം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രസീലിയന്‍ ഫോര്‍വേഡ് മാല്‍കോമുമായി കരാര്‍ ഉറപ്പിക്കാന്‍ അല്‍ ഹിലാല്‍ അധികൃതര്‍ പാരീസില്‍ എത്തിയിരുന്നു. ഇവിടെ വച്ച് എംബാപ്പെയുമായി കൂടിക്കാഴ്ച നടത്താനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. റിയാദ് ആസ്ഥാനമായ ക്ലബില്‍ ചേരാന്‍ താരം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. കൂടാതെ റയല്‍ മാഡ്രിഡില്‍ ചേരുകയെന്ന ഉദ്ദേശ്യത്തോടെ വരാനിരിക്കുന്ന സീസണിന്റെ അവസാനത്തില്‍ ഫ്രീ ഏജന്റാകാന്‍ താരം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
അടുത്ത വേനല്‍ക്കാലത്ത് എംബാപ്പെ സൗജന്യ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡിലേക്ക് മാറുകയാണെങ്കില്‍, അദ്ദേഹത്തിന് 100 ദശലക്ഷം യൂറോ സൈനിംഗ്ഓണ് ഫീസ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ സെപ്റ്റംബറില്‍ 80 ദശലക്ഷം യൂറോ ബോണസിനും അര്‍ഹതയുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിക്കുമ്പോള്‍ താരത്തെ സൗജന്യമായി വിടുന്നതിന് പകരം ഇപ്പോള്‍ താരത്തെ വിറ്റ് പണം കണ്ടെത്താനാവും ക്ലബിന്റെ ശ്രമം. ട്രാന്‍സ്ഫര്‍ ഫീസ് സംബന്ധിച്ച് പിഎസ്ജിയും അല്‍ ഹിലാലും തമ്മിലുള്ള ചര്‍ച്ചകള്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ല.
പിഎസ്ജിയിലെ രണ്ട് വര്‍ഷത്തെ കരിയറിന് ശേഷം ഇന്റര്‍ മിയാമിയില്‍ ചേര്‍ന്ന അര്‍ജന്റീന താരം ലയണല്‍ മെസ്സിയെ നഷ്ടമായെങ്കിലും, അല്‍ ഹിലാല്‍ പ്രമുഖ കളിക്കാരുടെ പിന്നാലെയാണ്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് എംബാപ്പെയായിരുന്നു.


