24
Mar 2023
Sun
24 Mar 2023 Sun

പത്തനംതിട്ട: തിരുവല്ലയിൽ ഒരു ലക്ഷത്തിലധികം പായ്ക്കറ്റ് ലഹരിവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കച്ചവടക്കാരനൊപ്പം താമസിച്ചിരുന്ന യുവതിയും അറസ്റ്റിലായി. പുഷ്പഗിരി മെഡിക്കൽ കോളേജ് പരിസരത്ത് പോലീസ് നടത്തിയ ലഹരിവേട്ടയിലാണ് ഒരുകോടിയിൽ അധികം വിലവരുന്ന ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഡാൻസാഫ് സംഘവും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഹാൻസ്, കൂൾ എന്നീ ഇനത്തിൽപ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളാണ് വാടക വീട്ടിൽ നിന്നും പിടിച്ചെടുത്തത്. ജില്ലയിൽ ഇതാദ്യമാണ് ഇത്രയും തുകയുടെ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചങ്ങനാശ്ശേരി പായിപ്പാട് ഓമണ്ണിൽ വീട്ടിൽ ജയകുമാർ (56), ഇയാൾക്കൊപ്പം താമസിക്കുന്ന ആശ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അബ്കാരി കേസിൽ പ്രതിയാണ് ജയകുമാർ. കേസിൽ ആദ്യം ജയകുമാർ ആയിരുന്നി പിടിയിലായത്. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് ആശയെയും തേടി പോലീസ് എത്തിയത്.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലെ വാടകവീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമ്പന്നരുടെ വീടുകൾ നിലനിൽക്കുന്ന ഈ പ്രദേശത്ത്, ഒരു വർഷമായി വീട് വാടകയ്ക്കെടുത്ത് ഇത്തരത്തിൽ വൻ തോതിൽ ലഹരിഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും, ചെറുകിടകച്ചവടക്കാർക്ക് വില്പന നടത്തുകയും ചെയ്തുവന്നത് സമീപവാസികൾ പോലുമറിഞ്ഞിരുന്നില്ല.

ദിവസങ്ങളായി ജില്ലാ നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും. തുടർന്ന്, പുലർച്ചെ മൂന്ന് മണിയോടെ സംഘവും തിരുവല്ല പൊലീസും ചേർന്ന് വീടുവളഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. വലിയ ചാക്കുകളിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കമ്പനികളിൽ നിന്നും വലിയ തോതിൽ എത്തിച്ചശേഷം സ്വന്തം വാഹനത്തിൽ ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുകയാണ് പതിവ്. പരിശോധന മണിക്കൂറുകൾ നീണ്ടു. ആഴ്ചയിൽ ഓരോ ലോഡ് കണക്കിനാണ് ഇവ വിറ്റഴിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സമീവാസികൾക്കോ മറ്റോ യാതൊരു സംശയവും ഉണ്ടാവാത്ത വിധം വളരെ തന്ത്രപരമായാണ് വില്പന നടത്തിവന്നത്.