29
Sep 2023
Sat
29 Sep 2023 Sat

മുംബൈ: നായകനായ പൊലീസ് ഉദ്യോഗസ്ഥന്‍ സത്വര നീതി നടപ്പാക്കുന്ന സിങ്കം പോലുള്ള സിനിമകള്‍ പകരുന്നത് അപകടകരമായ സന്ദേശമാണെന്ന് ബോംബൈ ഹൈക്കോടതി ജഡ്ജി ഗൗതം പട്ടേല്‍. ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍ മുംബൈയില്‍ സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമനടപടികളില്‍ ജനം പുലര്‍ത്തുന്ന ക്ഷമയില്ലായ്മയെയും അദ്ദേഹം വിമര്‍ശിച്ചു. സിനിമകള്‍ കാണുന്ന ജനം കോടതികള്‍ അവരുടെ ജോലി ചെയ്യുന്നില്ലെന്ന് ചിന്തിക്കുകയും നടപടിയെടുക്കുന്ന പൊലീസിനെ ആഘോഷിക്കുകയുമാണ് ചെയ്യുന്നത്. ഈ രീതിയിലാണ് ബലാല്‍സംഗക്കേസില്‍ പ്രതിചേര്‍ത്തവരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന പൊലീസ് നടപടിയെ അവര്‍ ആഘോഷിച്ചത്. നീതി നടപ്പായി എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ നീതി നടപ്പായോ? അദ്ദേഹം ചോദിച്ചു.

സിനിമകളില്‍ ഭീരുക്കളായ, എളുപ്പം വഴിപ്പെടുന്ന, കണ്ണട ധരിച്ച, മോശം വസ്ത്രം ധരിച്ചവരായാണ് ജഡ്ജിമാരെ കാണിക്കുന്നത്. ഇവര്‍ക്കെതിരേ പൊലീസ് രംഗത്തുവരും. കോടതി പ്രതികളെ വെറുതെ വിടും. നായകനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ സ്വയം നീതി നടപ്പാക്കും. സിങ്കം സിനിമയിലെ ക്ലൈമാക്‌സ് രംഗത്ത് കാണിക്കുന്നത് പൊലീസ് നീതി നടപ്പാക്കുന്നതാണ്. എന്ത് അപകടകരമാണ് ഈ സന്ദേശമെന്നാണ് നാം മനസ്സിലാക്കേണ്ടത്.

എന്തിനാണ് ഈ അക്ഷമ? നിരപരാധിയാണോ കുറ്റവാളിയാണോ എന്നു തീരുമാനിക്കുന്നതിന് ഒരു നടപടിയിലൂടെ കടന്നുപോവേണ്ടതുണ്ട്. ഈ നടപടികള്‍ വേഗം കുറഞ്ഞവയാണ്. നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന തത്വം മൂലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എളുപ്പവഴിക്കായി ഈ നടപടികള്‍ ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ സൂര്യ നായകനായി പുറത്തിറങ്ങി സിങ്കം സിനിമയുടെ റീമേക്ക് ആയി 2011ല്‍ അജയ് ദേവ്ഗണ്‍ കേന്ദ്രകഥാപാത്രമായെത്തിയ സിംഗം സിനിമയെ ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ഗൗതം പട്ടേലിന്റെ വിമര്‍ശനം.