മയാമി: അവിശ്വസനീയം ആയ പ്രകടനവും ആയി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിക്ക് ആയി അരങ്ങേറി ഇതിഹാസതാരം ലയണല്‍ മെസ്സി. അമേരിക്കന്‍ ക്ലബുകളും മെക്‌സിക്കന്‍ ക്ലബുകളും തമ്മില്‍ നടക്കുന്ന ലീഗ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ് ക്രുസ് അസുളിനു എതിരെയാണ് മെസ്സി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്. മെസ്സിക്ക് ഒപ്പം സെര്‍ജിയോ ബുസ്‌കെറ്റ്‌സും മയാമിക്ക് ആയി പകരക്കാരനായി അരങ്ങേറ്റം കുറിച്ചു. ബാസ്‌കറ്റ് ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസ്, ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അടക്കം സ്‌പോര്‍ട്‌സ് സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ എന്നിവരാണ് മെസ്സിയുടെ മയാമി അരങ്ങേറ്റം കാണാന്‍ എത്തിയത്. മത്സരത്തില്‍ രണ്ടാം പകുതിയില്‍ 54 മത്തെ മിനിറ്റില്‍ ആരാധകരുടെ നിര്‍ത്താത്ത കയ്യടികളുടെ അകമ്പടിയോടെ ആണ് മെസ്സി പകരക്കാരനായി അമേരിക്കന്‍ ക്ലബിന് ആയി അരങ്ങേറ്റം കുറിച്ചത്. ക്യാപ്റ്റന്റെ ആം ബാന്റും തുടര്‍ന്ന് മെസ്സി ആണ് അണിഞ്ഞത്.
|
മത്സരത്തില്‍ 44 മത്തെ മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മയാമി മുന്നില്‍ എത്തിയപ്പോള്‍ 65 മത്തെ മിനിറ്റില്‍ ഉരിയല്‍ അന്റുലയിലൂടെ മെക്‌സിക്കന്‍ ക്ലബ് സമനില നേടി. സമനില ആയി പെനാല്‍ട്ടിയിലേക്ക് പോകും എന്നു കരുതിയ മത്സരത്തില്‍ ആണ് അവസാന നിമിഷം 94 മത്തെ മിനിറ്റില്‍ മെസ്സിയുടെ മാജിക് ഫ്രീകിക്ക് പിറന്നത്. തന്റെ പതിവ് ഫ്രീകിക്ക് ഗോളുകളെ ഓര്‍മ്മിപ്പിച്ച മെസ്സി മയാമിക്ക് അരങ്ങേറ്റത്തില്‍ തന്നെ വിജയവും സമ്മാനിക്കുക ആയിരുന്നു. 11 മത്സരങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മയാമി ഒരു മത്സരം ജയിക്കുന്നത്.





