തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയനെ കണ്ടതിന് പിന്നാലെ വെടിനിര്‍ത്തല്‍ സൂചന നല്‍കി പിവി എന്‍വര്‍ എംഎല്‍എ. (Met the Chief Minister and convinced him of everything; My mission is over: PV Anwar) മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം പൂര്‍ത്തിയായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തനിക്കു പിന്നില്‍ ദൈവമല്ലാതെ മറ്റാരുമില്ലെന്നും ്അന്‍വര്‍ പ്രതികരിച്ചു.
|
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കാര്യങ്ങള്‍ എഴുതിനല്‍കി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൈമാറും. ഒരു സഖാവ് എന്ന നിലയ്ക്കാണ് ഈ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതോടെ എന്റെ ഉത്തരവാദിത്തം അവസാനിച്ചു.
എഡിജിപി അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണോയെന്ന് സര്‍ക്കാരും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടതെന്ന് അന്‍വര്‍ പറഞ്ഞു. അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം എനിക്കില്ല. അതെല്ലാം സര്‍ക്കാര്‍ തീരുമാനിക്കട്ടെ. എല്ലാം കാത്തിരുന്ന് കാണാം. ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയില്‍ നിന്ന് പി വി അന്‍വറിന് വ്യക്തമായ ചില ഉറപ്പുകള്‍ ലഭിച്ചതായാണ് സൂചന. അന്‍വര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഗൗരവത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് അറിയുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും അന്‍വര്‍ പറഞ്ഞു.





