മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തന ചെലവ് സര്‍ക്കാര്‍ പെരുപ്പിച്ച് കാട്ടിയെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് വാര്‍ത്താസമ്മേളനം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അതേസമയം ദുരന്തനിവാരണ അതോറിറ്റിയും കണക്കില്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. എസ്ഡിആര്‍എഫ് ചട്ടങ്ങള്‍ അനുസരിച്ചാണ് കണക്ക് തയ്യാറാക്കിയതെന്നും ഉരുള്‍പൊട്ടലിനു ശേഷം 90 ദിവസം വരെ തിരച്ചിലും ക്യാംപ് പ്രവര്‍ത്തനവും തുടര്‍ന്നാല്‍ വന്നേക്കാവുന്ന പ്രതീക്ഷിത കണക്കാണ് സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നതെന്നും ദുരന്തനിവാരണ സേന വ്യക്തമാക്കി.
കേന്ദ്രസമിതിയുടെ കൂടെ നിര്‍ദേശപ്രകാരമാണ് മെമോറാണ്ടം തയ്യാറാക്കിയിരിക്കുന്നതെന്നും കേന്ദ്രത്തില്‍ നിന്നുള്ള അടിയന്തര സഹായം ലഭിക്കുന്നതിനാണ് കണക്ക് സമര്‍പ്പിച്ചിരിക്കുന്നതെന്നും ദുരന്തനിവാരണ സേന പറയുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു ചെലവായ തുക കാണിച്ചിരിക്കുന്നതെന്ന് കുഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള ചെലവ് ഉള്‍പ്പെടുത്തിയതാണെന്നും അധികൃതര്‍ പറയുന്നു.
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവായെന്നാണ് പ്രദേശത്ത് ചെലവിട്ട പണത്തെക്കുറിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപ ചെലവിട്ടെന്നാണ് കണക്കില്‍ പറയുന്നു.
സൈനികര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി പത്ത് കോടി രൂപ ചെലവാക്കിയെന്നാണ് കണക്ക്. ഭക്ഷണവും വെള്ളവും ഭൂരിഭാഗവും വിവിധ സന്നദ്ധ സംഘടനകളാണ് നല്‍കിയെന്നിരിക്കേ ഇത്രയും തുക എങ്ങിനെ വന്നുവെന്നാണ് ചോദ്യമുയര്‍ന്നിരുന്നു.
ഇവരുടെ താമസത്തിന് വേണ്ടി മാത്രം 15 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ദുരന്തപ്രദേശമായ ചൂരല്‍മലയില്‍നിന്നും മുണ്ടക്കൈയില്‍നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ 12 കോടിരൂപ ചെലവാക്കി. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപ ചെലവായെന്നും കണക്കുകള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ടോര്‍ച്ച്, റെയിന്‍കോട്ട്, കുട, ബൂട്ട് തുടങ്ങിയവ നല്‍കുന്നതിനായി 2.98 കോടി രൂപ നല്‍കിയതായും കണക്കില്‍ പറയുന്നു. വളണ്ടിയര്‍മാര്‍ക്കും സൈനികര്‍ക്കും ചികിത്സാ ചെലവിന് രണ്ട് കോടി രൂപ ചെലവായെന്നും പറയുന്നു.
ക്യാംപുകളിലേക്ക് ഭക്ഷണചെലവിനായി എട്ട് കോടി രൂപ ചെലവാക്കിയെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങളും മറ്റും യഥേഷ്ടം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചിരുന്നു എന്ന വസ്തുത നിലനില്‍ക്കെയാണ് സര്‍ക്കാരിന് ഇത്രയും തുക ചെലവായെന്ന കണക്ക്. പല ക്യാംപുകളിലും ഭക്ഷണം പൂര്‍ണമായും സന്നദ്ധ സംഘടനകളാണ് പാചകം ചെയ്ത് വിതരണം ചെയ്തിരുന്നതെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളുടെ വസ്ത്രത്തിനായി ചെലവഴിച്ച തുക സംബന്ധിച്ച കണക്കും അവിശ്വസനീയമാണെന്ന് ആക്ഷേപമുണ്ട്. 11 കോടി രൂപ വസ്ത്രത്തിനായി ചെലവാക്കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നാലായിരത്തോളം പേരാണ് ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതായത്, ഒരാള്‍ക്ക് 30,000 രൂപയോളം ചെലവായെന്നാണ് കണക്കുകളില്‍ അവകാശപ്പെടുന്നത്. ആവശ്യത്തിലധികം വസ്ത്രങ്ങള്‍ ക്യാംപുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് സര്‍ക്കാര്‍ 11 കോടി ചെലവാക്കി വസ്ത്രം വാങ്ങിയെന്ന് പറയുന്നത്.
ക്യാംപുകളിലുള്ളവരുടെ ചികിത്സയ്ക്കായി എട്ട് കോടി ചെലവാക്കിയെന്നാണ് കണക്ക്. ചൂരല്‍മലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മാത്രം മൂന്ന് കോടി രൂപയും ചെലവാക്കിയെന്ന് കണക്കില്‍ പറയുന്നു. 75,000 രൂപവെച്ച് 359 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ 2.76 കോടി രൂപ ചെലവ് വന്നിട്ടുണ്ടെന്ന കണക്കും അവിശ്വസനീയമാണ്. ഹാരിസണ്‍ എസ്റ്റേറ്റ് നല്‍കിയ സ്ഥലത്തെ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കാന്‍ 75,000 രൂപയെന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. അടക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ മുഴുവന്‍ ചെയ്തത് സന്നദ്ധ പ്രവര്‍ത്തകരായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി അവിശ്വസനീയമായ തുക ചെലവഴിച്ചതായി പറയുമ്പോള്‍ത്തന്നെ, ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ അത്ര ഉദാരതയില്ലെന്നാണ് വിമര്‍ശനമുയരുന്നത്. ദുരന്തത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെങ്കില്‍ 1.30 ലക്ഷം രൂപയാണ് നല്‍കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൃഷിഭൂമി നശിച്ചിട്ടുണ്ടെങ്കില്‍ ഒരു ഹെക്ടറിന് അമ്പതിനായിരം രൂപയില്‍ താഴെ മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. മുന്‍കാലങ്ങളിലെന്ന പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചെലവഴിക്കലില്‍ വലിയ കെടുകാര്യസ്ഥത ഇക്കുറിയും ഉണ്ടായോ എന്ന സംശയമാണ് ഉയരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





